പൊലീസ് മെഡലുകളിലെ അക്ഷരത്തെറ്റ്; അന്വേഷണം തുടങ്ങി
മുഖ്യമന്ത്രി വിതരണം ചെയ്ത പൊലീസ് മെഡലുകളില്‍ അക്ഷരത്തെറ്റ് വന്നതില്‍ അന്വേഷണം. പൊലീസ് ആസ്ഥാനത്തെ ഡിഐജി എസ് സതീശ് ബിനോ സംഭവം അന്വേഷിക്കും.
തിരുവനന്തപുരത്തെ ഏജൻസിക്ക് ക്വട്ടേഷൻ നല്‍കിയതില്‍ കാലതാമസം വരുത്തിയെന്നാണ് സൂചന. ഓഗസ്റ്റ് 15-ന് മെഡല്‍ പ്രഖ്യാപിച്ചിട്ടും ക്വട്ടേഷൻ നടപടികള്‍ പൂർത്തിയാക്കിയത് ഒക്ടോബർ 23-നാണ്. രണ്ട് വർഷം മുൻപ് ഇതേ ഏജൻസി തയ്യാറാക്കിയ മെഡലുകളിലും തെറ്റുണ്ടായതായാണ് വിവരം.
അന്ന് മാറ്റിവെച്ച മെഡലുകള്‍ വീണ്ടും നല്‍കിയോ എന്നതിലും സംശയമുണ്ട്. അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് ഡിഐജിയുടെ നിർദേശം. കേരളപ്പിറവി ദിനത്തില്‍ മുഖ്യമന്ത്രി വിതരണം ചെയ്ത പൊലീസ് മെഡലുകളിലായിരുന്നു അക്ഷരത്തെറ്റുകളുണ്ടായത്.
264 ഉദ്യോഗസ്ഥർക്കാണ് തിരുവനന്തപുരം എസ്എപി ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ മെഡല്‍ ലഭിച്ചത്. ഇതില്‍ പകുതിയോളം മെഡലുകളില്‍ അക്ഷരപ്പിശകുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ എന്നതിന് പകരം ‘മുഖ്യമന്ത്രയുടെ പോലസ് മെഡൻ’ എന്നായിരുന്നു എഴുതിയിരുന്നത്. ഓരോ മെഡലും മുഖ്യമന്ത്രിക്ക് കൈമാറിയത് ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബായിരുന്നു. ആ സമയം വരെയും മെഡലിലെ അക്ഷരപ്പിശക് ആരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. മെഡല്‍ ലഭിച്ച ഉദ്യോഗസ്ഥരാണ് പിശക് കണ്ടെത്തിയത്.