വീണ്ടും കേരളീയം പരിപാടി നടത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍
			    	    വീണ്ടും കേരളീയം പരിപാടി നടത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഈ വർഷം ഡിസംബറിലാകും കേരളീയം പരിപാടി നടത്തുക.
കഴിഞ്ഞ വർഷം നവംബർ മാസത്തിലായിരുന്നു പരിപാടി നടത്തിയത്. പരിപാടിയുടെ നടത്തിപ്പിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സംഘാടക സമിതി യോഗം ചേർന്നു. ചെലവ് സ്പോണ്‍സർഷിപ്പിലൂടെ കണ്ടെത്താൻ വകുപ്പുകള്‍ക്ക് നിർദേശം നല്കി.
കഴിഞ്ഞവർഷം ഏഴ് ദിവസങ്ങളിലായി തെരുവു വേദികള്‍ അടക്കം 44 ഇടങ്ങളില്‍ ആണ് കേരളീയം നടന്നത്. കല-സാംസ്കാരിക പരിപാടികള്‍, ഭക്ഷ്യ മേളകള്‍, സെമിനാറുകള്‍, പ്രദർശനങ്ങള്‍ തുടങ്ങി ഒട്ടനവധി പരിപാടികളാണ് കേരളീയത്തില്‍ സർക്കാർ ഒരുക്കിയിരുന്നത്. കേരളപ്പിറവി ദിനമായ നവംബർ ഒന്നു മുതല്‍ ഏഴ് വരെയായിരുന്നു കേരളീയമെന്ന പേരില്‍ വിവിധ കലാ- സാസ്കാരിക പരിപാടികള്‍ തലസ്ഥാനത്ത് സംഘടിപ്പിച്ചത്. കേരളീയം പരിപാടിയുടെ ഭാഗമായി സെൻട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന കലാപരിപാടികള്‍ക്ക് മാത്രം സംസ്ഥാന സര്‍ക്കാര്‍ ചെലവാക്കിയത് ഒരു കോടി 55 ലക്ഷം രൂപയാണ്. ഏഴ് കലാപരിപാടികള്‍ക്ക് മാത്രമുള്ള ചെലവാണിത്.
ഇനി എല്ലാ വർഷവും കേരളീയം നടത്തുമെന്നും തിരുവനന്തപുരമായിരിക്കും സ്ഥിരം വേദിയെന്നും മുഖ്യമന്ത്രി കഴിഞ്ഞ വർഷം കേരളീയ സമാപന വേദിയില്‍ പ്രഖ്യാപിച്ചിരുന്നു.
			    					        
								    
								    











