CBIയ്ക്ക് പകരം SBIയുമായി സംസ്ഥാന സര്‍ക്കാര്‍; സ്റ്റേറ്റ് ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരിക്കാൻ നീക്കം
സിബിഐ മാതൃകയില്‍ സംസ്ഥാനത്തും അന്വേഷണ സംഘത്തെ രൂപീകരിക്കാൻ സർക്കാർ നീക്കം. ഗുരുതര സ്വഭാവമുള്ള കേസുകള്‍ മാത്രം അന്വേഷിക്കുന്നതിനായി സ്റ്റേറ്റ് ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (SBI) രൂപീകരിക്കാനാണ് സംസ്ഥാന സർക്കാർ ഒരുങ്ങുന്നത്.
പൂക്കോട് വെറ്ററിനറി സർവകലാശാലയില്‍ വിദ്യാർത്ഥി മരിച്ചതുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായിരുന്നു. തുടർന്ന് കേസ് സിബിഐക്ക് കൈമാറി. വിലിയ ജനശ്രദ്ധ ലഭിക്കുന്ന കേസുകളും ഗുരുതര സ്വഭാവമുള്ളവയും സിബിഐക്ക് കൈമാറണമെന്ന ആവശ്യം പൊതുവായി ഉയരുന്ന സാഹചര്യത്തില്‍ ഇത് മറികടക്കുന്നതിനായാണ് സംസ്ഥാനത്ത് സിബിഐ മാതൃകയില്‍ അന്വേഷണ സംഘത്തെ രൂപീകരിക്കാൻ സർക്കാർ ആലോചിക്കുന്നത്. സംസ്ഥാന പോലീസിലെ വിദഗ്ധരെ ഉള്‍പ്പെടുത്തിയാകും ടീം രൂപീകരിക്കുക.
നേരത്തെ മുൻ ഡിജിപി ലോക്നാഥ് ബെഹ്റ ഇത്തരത്തിലൊരു നിർദേശം സർക്കാരുമായി പങ്കുവച്ചിരുന്നു. തുടർന്ന് SBI രൂപീകരിക്കുന്നതിനുള്ള പ്രാഥമിക കാര്യങ്ങള്‍ ചർച്ച ചെയ്തെങ്കിലും തുടർനടപടികളുണ്ടായില്ല. അന്ന് ബെഹ്റ മുന്നോട്ടുവച്ച അതേ ആശയം നിലവിലെ സാഹചര്യത്തില്‍ പൊടിതട്ടിയെടുക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന നർക്കാർ.