കണ്ണൂരിൽ കർശന പരിശോധന; നിയമ ലംഘനം നടത്തിയ 99 വാഹനങ്ങൾ പിടിയിൽ
സീബ്രാലൈൻ നിയമ ലംഘനങ്ങൾക്കെതിരെ കർശന നടപടിയുമായി മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് സ്ക്വാഡ്. ഇരിട്ടിയിൽ നിയമ ലംഘനം നടത്തിയ 99 വാഹനങ്ങൾ പിടിയിലായി. നഗര മേഖലയിൽ വൺവേ തെറ്റിച്ച ഏഴു വാഹനങ്ങൾക്ക് പിടിവീണു.
ഇരിട്ടി, മട്ടന്നൂർ, കൂത്തുപറമ്പ് എന്നിവിടങ്ങളിലായി നടത്തിയ പരിശോധനയിൽ നികുതി അടയ്ക്കാതെ ഓടിയ മൂന്ന് സ്റ്റേജ് കാര്യേജ് ബസുകളും ഒരുവർഷമായി പെർമിറ്റില്ലാതെ ഓടിയ ഒരു സ്റ്റേജ് കാര്യേജ് ബസും പിടികൂടി. ലൈസൻസില്ലാതെ വാഹനം ഓടിച്ചതിൽ 12 കേസുകളും പരിശോധനയിൽ കണ്ടെത്തി. ഇൻഷ്വറൻസ് ഇല്ലാതെ ഓടിയ വാഹനങ്ങളും പിടിയിലായി. ഓവർലോഡുമായെത്തിയ അഞ്ച് വാഹനങ്ങൾ കുടുങ്ങി. ഇവരിൽ നിന്നു മാത്രം 1.5 ലക്ഷം പിഴ ഈടാക്കി.
സീബ്രാലൈൻ ലംഘിക്കുന്നവർക്ക് എതിരെ കർശന നടപടി തുടരാനാണ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് തീരുമാനം. പിഴ അടപ്പിക്കുന്ന രീതി അല്ല, സീബ്രാലൈൻ കേസിലും വൺവേ തെറ്റിക്കുന്ന കേസിലും ഉള്ളത്. നിയമ ലംഘനം നടത്തുന്ന വാഹനങ്ങളുടെ ഫോട്ടോ എടുത്ത് കോടതിക്ക് കൈമാറും. സ്ഥലത്ത് വച്ച് പിടികൂടില്ല. കോടതിയിൽ നിന്ന് നോട്ടീസ് വരുമ്പോൾ മാത്രമാണ് വാഹന ഉടമ അറിയുക.
കോടതി നിശ്ചയിക്കുന്ന പിഴ തുകയാണ് അടയ്ക്കേണ്ടത്. കോടതി തീർപ്പാക്കുന്ന കാലഘട്ടം വരെ വണ്ടി സംബന്ധിച്ചു കൈമാറ്റം ഉൾപ്പെടെ നടത്താൻ കഴിയില്ല.













