വിലക്കുറവും ഓഫറുകളുമായി സപ്ലൈകോ ക്രിസ്മസ്-ന്യു ഇയര്‍ ഫെയര്‍ ഇന്നുമുതൽ
സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ക്രിസ്തുമസ് ന്യു ഇയര്‍ ഫെയറുകള്‍ ഇന്നു മുതൽ തുടങ്ങും. സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന് പുത്തരിക്കണ്ടം മൈതാനിയിലെ നായനാര്‍ പാര്‍ക്കില്‍ നിര്‍വ്വഹിക്കും.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലാണ് പ്രത്യേക ഫെയറുകള്‍. മറ്റു ജില്ലകളില്‍ ജില്ലാ ആസ്ഥാനത്തെ സപ്ലൈകോയുടെ പ്രധാന സൂപ്പര്‍ മാര്‍ക്കറ്റ്, സപ്ലൈകോ ക്രിസ്തുമസ് ന്യു ഇയര്‍ ഫെയറായി പ്രവര്‍ത്തിക്കും. 13 ഇനം സബ്സിഡി സാധനങ്ങള്‍ക്ക് പുറമെ ശബരി ഉല്‍പ്പന്നങ്ങള്‍, എഫ്.എം.സി.ജി ഉത്പന്നങ്ങള്‍ എന്നിവയും 10 മുതല്‍ 40 ശതമാനം വിലക്കുറവില്‍ ഫെയറുകളിലൂടെ വില്പന നടത്തും.
രാവിലെ 10 മുതൽ വൈകിട്ട് 8 വരെയാണ് ഫെയർ പ്രവർത്തിക്കുക. ജില്ല ഫെയറുകളിലും സൂപ്പർ മാർക്കറ്റുകളിലും ഡിസംബർ 21 മുതൽ 30 വരെ ഉച്ചയ്ക്ക് 2.30 മുതൽ 4 വരെ ഫ്ലാഷ് സെയിലും നടത്തും. ഈ മാസം 30 ന് ഫെയർ അവസാനിക്കും.