മണിച്ചന്റെ ജയില്‍ മോചനം; ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും
കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മണിച്ചനെ ജയിലില്‍ നിന്ന് മോചിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് ഭാര്യ നല്കിയ ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജയില്‍ മോചനകാര്യത്തില്‍ നാല് മാസമായിട്ടും തീരുമാനമെടുക്കാത്തതില്‍ ജയില്‍ ഉപദേശക സമിതിയെ കഴിഞ്ഞ ദിവസം സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇക്കാര്യം ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ അന്ന് അറിയിച്ചിരുന്നത്. ഇത് മുദ്രവെച്ച കവറില്‍ ഇന്ന് കോടതിയെ അറിയിക്കും. ഇത് വിശദമായി പരിശോധിച്ച ശേഷമായിരിക്കും കോടതി മോചനക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. ജയില്‍ മോചനത്തില്‍ ഇനിയും കാലതാമസമുണ്ടായാല്‍ മണിച്ചന് ജാമ്യം അനുവദിച്ച് ഇടക്കാല ഉത്തരവ് ഇറക്കുമെന്നും കോടതി വ്യക്തമാക്കി.
കൊല്ലം ജില്ലയിലെ കല്ലുവാതുക്കലില്‍ വ്യാജമദ്യം കഴിച്ച് 33 പേര് മരിക്കുകയും നിരവധി പേര്‍ക്ക് കാഴ്ച നഷ്ടപ്പെടുകയും ചെയ്ത സംഭവത്തിലാണ് മണിച്ചന് ഉള്‍പ്പെടെയുള്ള പ്രതികള്‍ ശിക്ഷിക്കപ്പെട്ടത്. 2000 ഒക്ടോബര്‍ 21 നാണ് കേസിന് ആസ്പദമായ സംഭവം. മണിച്ചന്റെ ഗോഡൗണില്‍ നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് എത്തിച്ച മദ്യം കഴിച്ചവരാണ് ദുരന്തത്തിന് ഇരയായത്.
മണിച്ചനെ കൂടാതെ ഹയറുന്നീസ, മണിച്ചന്റെ ഭാര്യ ഉഷ, സഹോദരന്മാരായ കൊച്ചനി, വിനോദ് കുമാര്‍ എന്നിവരും പ്രതികളായിരുന്നു. ഇതില്‍ ഹയറുന്നീസ ശിക്ഷാകാലാവധിക്കിടെ കരള്‍ രോഗ ബാധിതയായി മരിച്ചു.
Content Highlight: Supreme court to consider plea to release Manichan today