മുഖ്യമന്ത്രിയുടെയും കോടിയേരിയുടെയും ഫണ്ടുകള്‍ അമേരിക്കയിലേക്ക് പോയത് ബിലീവേഴ്സ് ചര്‍ച്ച് വഴിയെന്ന് ഷാജ്; ശബ്ദരേഖ പുറത്ത്
മുഖ്യമന്ത്രിയുടെയും കോടിയേരിയുടെയും ഫണ്ടുകള്‍ അമേരിക്കയിലേക്ക് കടത്തിയത് ബിലീവേഴ്സ് ചര്‍ച്ച് വഴിയാണെന്ന് ഷാജ് കിരണിന്റെ ശബ്ദരേഖ. ബിലീവേഴ്സ് ചര്‍ച്ചിന്റെ എഫ്സിആര്‍എ കട്ടായത് അതുകൊണ്ടാണെന്നും ശബ്ദരേഖയില്‍ പറയുന്നു. ഒന്നാം നമ്പറുകാരന് എന്ന് ഷാജ് കിരണ്‍ പറയുന്നത് മുഖ്യമന്ത്രി തന്നെയാണെന്ന് സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു. ഷാജ് കിരണ്‍ നിരവധി കമ്പനികളുടെ ഡയറക്ടറാണ്. സാധാരണ കമ്മീഷന് വാങ്ങി നടക്കുന്ന ലാന്‍ഡ് ബ്രോക്കര്‍ ഇത്രയധികം കമ്പനികളുടെ ഡയറക്ടറാകുമോയെന്നും സ്വപ്ന ചോദിച്ചു.
അത്രയധികം സ്വാധീനമുള്ളയാളാണ് ഷാജ് കിരണ്‍. ഇത്രയും ഫണ്ട് കൈകാര്യം ചെയ്യുന്ന ബിലീവേഴ്സ് ചര്‍ച്ചിന്റെ ആള് സമവായ ശ്രമത്തിന് വരുമ്പോള്‍ തന്റെ മാനസികാവസ്ഥ എന്തായിരിക്കുമെന്ന് സ്വപ്ന ചോദിച്ചു. അഭിഭാഷകനോ എച്ച്ആര്‍ഡിഎസോ കുടുംബമോ പറഞ്ഞതു കൊണ്ടല്ല മൊഴി കൊടുത്തത്. തന്നെ ആക്രമിക്കാന്‍ പദ്ധതിയുണ്ട്. രഹസ്യമൊഴി നല്‍കിയത് ജീവന് ഭീഷണിയുള്ളതിനാലാണ്. തന്റെ സത്യസന്ധത തെളിയിക്കാനാണ് ശബ്ദരേഖ പുറത്തുവിട്ടതെന്നും സ്വപ്ന പറഞ്ഞു.
കേസില്‍ നിന്ന് രക്ഷപ്പെടുത്തി മറ്റൊരു രാജ്യത്തേക്ക് പോകാന്‍ സഹായിക്കാമെന്ന് ഷാജ് പറഞ്ഞു. നികേഷ് കുമാറുമായി സംസാരിക്കാന്‍ പറഞ്ഞത് ഇതിനാണ്. തന്റെ ഫോണ്‍ നികേഷിന് നല്‍കാനും ആവശ്യപ്പെട്ടുവെന്നും സ്വപ്ന പറഞ്ഞു.
Content Highlights: Swapna Suresh, Shaj Kiran, Gold Smuggling Case