രഹസ്യമൊഴി പിൻവലിക്കാൻ ഷാജ് കിരൺ ഭീഷണിപ്പെടുത്തി; മുഖ്യമന്ത്രിയുടെ പ്രതിനിധിയായി നികേഷ് കുമാർ എത്തുമെന്ന് പറഞ്ഞു; ഗുരുതര ആരോപണവുമായി സ്വപ്ന സുരേഷ്
മുൻ മാധ്യമപ്രവർത്തനായ ഷാജ് കിരൺ തന്നെ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിലുറച്ച് സ്വപ്ന സുരേഷ്. രഹസ്യമൊഴി പിൻവലിക്കാൻ ഷാജ് കിരൺ സമ്മർദ്ദം ചെലുത്തിയെന്നും എം ശിവശങ്കർ വഴിയാണ് ഷാജിനെ പരിചയമെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രതിനിധിയായി റിപ്പോർട്ടർ ചാനൽ മേധാവി നികേഷ് കുമാർ എത്തുമെന്നും ഫോണും മറ്റും അദ്ദേഹത്തിന് കൈമാറണമെന്നും ഷാജ് കിരൺ പറഞ്ഞു. മുഖ്യമന്ത്രിയുടെ ശബ്ദവും നാവുമായി പ്രവർത്തിക്കുന്നയാളാണ് നികേഷെന്ന് ഷാജ് പറഞ്ഞെന്നും സ്വപ്ന ആരോപിച്ചു.
ഷാജ് കിരൺ തന്റെ അടുത്ത സുഹൃത്താണ്. താൻ വിളിച്ചിട്ടാണ് ഷാജ് പാലക്കാട്ട് എത്തിയത്. ഷാജ് കിരൺ എത്തിയത് മുഖ്യമന്ത്രിയുടെ ഇടനിലക്കാരനായിട്ടാണ്. ഇന്നലെ ഉച്ച മുതൽ വൈകുന്നേരം വരെ ഷാജ് കിരൺ ഓഫീസിൽ വെച്ച് മാനസികമായി പീഡിപ്പിച്ചെന്നും സ്വപ്ന ആരോപിച്ചു.
സരിത്തിനെ കസ്റ്റഡിയിലെടുത്തത് വിജിലൻസാണെന്ന് തന്നോട് പറഞ്ഞത് ഷാജ് കിരൺ ആയിരുന്നു. സരിത്തിനെ 45 മിനിട്ടിനുള്ളിൽ വിട്ടയയ്ക്കുമെന്നും ഷാജ് പറഞ്ഞെന്ന് സ്വപ്ന പറഞ്ഞു. സരിത്തിനെ വിജിലൻസ് കൊണ്ടുപോകുമെന്ന് രണ്ടുദിവസം മുൻപ് തന്നെ ഷാജ് കിരൺ മുന്നറിയിപ്പ് തന്നിരുന്നുവെന്നും സ്വപ്ന കൂട്ടിച്ചേർത്തു.