‘ലക്ഷ്യം 110 സീറ്റ്, ഭരണവിരുദ്ധവികാരം ഇല്ല’; മുഖ്യമന്ത്രി
നിയമസഭാ തെരഞ്ഞെടുപ്പില്‍ തുടര്‍ഭരണം ലക്ഷ്യമിട്ട് എല്‍ഡിഎഫ് ഇറങ്ങുന്നു. 110 സീറ്റാണ് ഇത്തവണ എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി മന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി. കൂടിക്കാഴ്ച മൂന്ന് മണിക്കൂര്‍ നീണ്ടു നിന്നു.
വികസന പ്രവര്‍ത്തനങ്ങള്‍ ഊന്നിപ്പറഞ്ഞ് വേണം വോട്ടര്‍മാരെ സമീപിക്കാനെന്നും പിന്നോട്ട് പോയ മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മുഖ്യമന്ത്രി മന്ത്രിമാരോട് നിര്‍ദേശിച്ചു. ഓരോ മണ്ഡലങ്ങളിലും തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വിലയിരുത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. മാധ്യമങ്ങള്‍ വഴി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലേയ്ക്ക് എത്തിക്കണം. രാജ്യത്തെ രാഷ്ട്രീയ സാഹചര്യം വോട്ടര്‍മാരിലേക്ക് എത്തിക്കണം. രാജ്യത്തെ ഏക ഇടതുപക്ഷ സര്‍ക്കാരാണ് കേരളത്തിലേതെന്നും വര്‍ഗീയ ഫാസിസത്തിനെതിരെ പൊരുതുന്നത് കേരളം മാത്രമാണ് എന്നതും പ്രചാരണായുധമാക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ഇല്ലെന്നാണ് കൂടിക്കാഴ്ചയിലെ വിലയിരുത്തല്‍. എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസനനേട്ടങ്ങള്‍ ജനങ്ങള്‍ ഏറ്റെടുത്തതാണെന്നും അതിനാല്‍ ഭരണവിരുദ്ധവികാരം ഇല്ലെന്നുമാണ് കണക്കുകൂട്ടല്‍. മന്ത്രിമാര്‍ ജനങ്ങളുമായി നേരിട്ട് ആശയവിനിമയം നടത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.












