ചതിച്ചത് മെസ്സിയല്ല, കേരളമാണെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ; മെസ്സിയെ ഇന്ത്യയിൽ കാല് കുത്തിക്കില്ലെന്ന വെല്ലുവിളിയൊന്നും ഇനി നടക്കില്ല

ലയണൽ മെസ്സിയുടെയും അർജന്റീന ടീമിന്റെയും കേരള സന്ദർശനവുമായി ബന്ധപ്പെട്ട് സംസ്ഥാന കായിക മന്ത്രിക്കെതിരെ അർജന്റീന ഫുട്ബോൾ അസോസിയേഷൻ രംഗത്ത് വന്നു. കരാർ ലംഘനം നടത്തിയത് കേരള സർക്കാരെന്ന് പറയുകയാണ് അർജന്റീന ഫുട്ബോൾ അസോസിയേഷൻ. സർക്കാർ കരാർ വ്യവസ്ഥകൾ പൂർത്തീകരിച്ചില്ല. കരാർ ലംഘിച്ചത് കേരള സർക്കാർ തന്നെയാണെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ ചീഫ് മാർക്കറ്റിംഗ് ആൻഡ് കൊമേഴ്സ്യൽ ഹെഡ് ലിയാൻഡ്രോ പീറ്റേഴ്സൺ അറിയിക്കുന്നു.
കരാർ ലംഘിച്ചത് അർജന്റീന ഫുട്ബോൾ അസോസിയേഷൻ ആണെന്ന് കഴിഞ്ഞദിവസം സ്പോൺസർ ആരോപിച്ചിരുന്നു. കേരളത്തിൽ വന്നില്ലെങ്കിൽ ഇന്ത്യയിൽ ഒരിടത്തും വരില്ലെന്ന അടക്കമുള്ള ചെറിയൊരു വെല്ലുവിളിയും സ്പോൺസർ നടത്തിയിരുന്നു. അപ്പോളും കായിക മന്ത്രി ഇക്കാര്യത്തിൽ മൗനം തുടരുകയായിരുന്നു. എന്നാൽ ഇപ്പോൾ കായിക മന്ത്രിക്കെതിരെയാണ് ലിയാൻഡ്രോ പീറ്റേഴ്സൺ രംഗത്തെത്തിയിരിക്കുന്നത്. 2024 സെപ്റ്റംബറിലാണ് കായികമന്ത്രി മാഡ്രിഡിൽ വെച്ച് ലിയാൻഡ്രോ പീറ്റേഴ്സണുമായി കൂടിക്കാഴ്ച നടത്തിയിരുന്നത്. കരാർ ലംഘനം ഉണ്ടായിരിക്കുന്നത് സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നാണെന്ന് വ്യക്തമാക്കുന്ന സന്ദേശമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
എന്നാൽ ഡിസംബറിൽ മെസി ഇന്ത്യ സന്ദർശിക്കുമെന്ന റിപ്പോർട്ടുകൾ ഈയടുത്ത് വന്നിരുന്നു. നേരത്തെ പറഞ്ഞ ചാനൽ മുതലാളിയല്ല, വേറൊരു സ്വകാര്യ കമ്പനിയാണ് മെസ്സിയെ മാത്രമായി ഇന്ത്യയിലേക്ക് കൊണ്ടു വരുന്നത്. രാജ്യത്തെ 4 പ്രധാന നഗരങ്ങളാണ് മെസി സന്ദർശിക്കുന്നത്. ഈ സന്ദർശന പട്ടികയിൽ കേരളമില്ല എന്നതും പ്രത്യേകം ഓർക്കണം.
മെസ്സി കേരളത്തിലേക്ക് വരുന്നില്ലെന്ന കാര്യം കായിക മന്ത്രി വി. അബ്ദുറഹിമാൻ കൃത്യമായി പറഞ്ഞതാണ്. അതിന് പിന്നാലെയാണ് മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് പല തവണ പത്രസമ്മേളനം നടത്തി പറഞ്ഞ, സ്പോൺസറായ റിപ്പോർട്ടർ ടിവിയുടെ മുതലാളി മറ്റൊരു പത്രസമ്മേളനം നടത്തിയത് . കേരളത്തിൽ വന്നില്ലെങ്കിൽ മെസ്സി ഇന്ത്യയിൽ കാല് കുത്തില്ല എന്നൊക്കെ യാൻ പിന്നീട് കേട്ടത്. ഇത് ചീറ്റിങ്ങ് ആണ്. നിയമത്തിന്റെ വഴി നോക്കുമെന്നൊക്കെ പറയുന്നതും കേട്ടു.
അതൊക്കെ ആ സെൻസിലെടുത്താൽ മതി. നേരത്തെയും മാംഗോ ഫോൺ മുതൽ മുട്ടിൽ മരംമുറിയും വയനാട്ടിലെ വീട് പണിയലും ഒക്കെ മലയാളികൾ കേട്ടതാണ്. എന്നാൽ കായിക മന്ത്രിയാണ് ഇക്കാര്യത്തിൽ കൃത്യമായ ഉത്തരം പറയേണ്ടത്. കാശ് കൊടുത്തത് സ്പോൺസർ ആയാലും, കേരളത്തിൽ മെസ്സിയെ കാത്തിരുന്ന ഒരുപാട് ആരാധകരുണ്ട്. അവരോട് കാര്യങ്ങൾ കൃത്യമായും വ്യക്തമായും പറയേണ്ടത് കായിക മന്ത്രിയാണ്.
ഇപ്പൊൾ അർജന്റീന ഫുട്ബോൾ അസോസിയേഷൻ കാര്യങ്ങൾ പറയുമ്പോൾ സ്പോൺസറുടെ ചാനൽ ഈ സംഭവം അറിയാത്ത പോലെ ഇരിക്കുകയാണ്. മെസ്സി ഇനി വന്നാലും വന്നില്ലെങ്കിലും സംഭവിച്ചത് എന്താണ് എന്ന് ഇവിടുത്തെ ജനങ്ങൾക്ക് അറിയണം. അത് അറിയിക്കേണ്ടത് വേണ്ടപ്പെട്ടവരുടെ ഉത്തരവാദിത്തമാണ്.
കാരണം അർജന്റീനയുടെ ദേശീയ ടീമിനെ കേരളത്തിൽ കൊണ്ടുവന്ന് അവരുടെ ഇന്റർനാഷണൽ മത്സരം ഇവിടെ നടത്തും എന്നാണ് കായിക മന്ത്രി ആദ്യം പറഞ്ഞിരുന്നത്. അത് നടക്കാത്ത കാര്യമാണെന്ന് സാധാരണക്കാരായ ഫുട്ബോൾ പ്രേമികൾ വരെ പറഞ്ഞിരുന്നു. അർജന്റീന പോലുള്ള ഒരു ദേശീയ ടീമുമായി ഇന്ത്യയിൽ വച്ച് നടക്കുന്ന മത്സരങ്ങൾ ചാർട്ട് ചെയ്യേണ്ടത് ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ ആണ്. അല്ലാതെ സംസ്ഥാന സർക്കാരോ ടി വി ചാനലോ അല്ല. സ്പെയിനിൽ പോയ 13 ലക്ഷത്തിന്റെ കണക്ക് മാത്രമല്ല, അഡ്വാൻസ് നൽകിയ 130 കോടി രൂപയുടെ കണക്ക് കൂടെ ആളുകൾക്ക് മുന്നിൽ വെളിപ്പെടുത്തണം.