നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ കേസ്; യുവതിയുടെ ഭർത്താവ് പ്രതിയാകില്ല
പൊള്ളാച്ചിയിൽ നിന്നും നവജാത ശിശുവിനെ തട്ടിയെടുത്ത കേസിൽ മുഖ്യപ്രതി ഷംനയുടെ ഭർത്താവ് പ്രതിയാകില്ല. ഷംന കുട്ടിയെ കടത്തിയത് മണികണ്ഠന്റെ അറിവേടെയല്ലന്ന് പൊള്ളാച്ചി പൊലീസ് കണ്ടെത്തി. ഇന്നലെ പുലർച്ചെ ഷംനയെയും മണികണ്ഠനെയും ഒപ്പമാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പൊള്ളാച്ചിയിൽ എത്തിച്ച് ചോദ്യംചെയ്തതിന് ശേഷം രാത്രിയോടെ മണികണ്ഠനെ വിട്ടയക്കുകയായിരുന്നു. ഷംനയ്ക്ക് ഒപ്പം ഉണ്ടായിരുന്ന 13 വയസുകാരിയുടെ അറസ്റ്റും ഇന്നലെ വൈകീട്ട് പോലിസ് രേഖപ്പെടുത്തിയിരുന്നു. ഈ കുട്ടിയാണ് ഷംന കുട്ടിയെ കടത്തുമ്പോൾ ഒപ്പം ഉണ്ടായിരുന്നത്. സിസിടിവികളിലും ഇവരുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. പ്രായപൂർത്തിയാവാത്ത കുഞ്ഞായതിനാൽ മറ്റ് വിശദാംശങ്ങൾ ലഭ്യമല്ല.
ഭർതൃവീട്ടിലും നാട്ടിലും ഗർഭിണിയാണെന്ന് നുണ പറഞ്ഞതിനെ തുടർന്നാണ്, ബന്ധുക്കളെ കബളിപ്പിക്കാനായി ഷംന നവജാത ശിശുവിനെ കടത്തിക്കൊണ്ടുവന്നതെന്നാണ് പൊലീസ് പറയുന്നത്. കുഞ്ഞിനെ പൊള്ളാച്ചിയിൽ എത്തിച്ച് തിരികെ മാതാപിതാക്കൾക്ക് കൈമാറി. കഴിഞ്ഞ ദിവസം പൊള്ളാച്ചി സർക്കാർ ആശുപത്രിയിൽ നിന്നുമാണ് നാട്ടുകാരായ യൂനിസ് – ദിവ്യഭാരതി ദമ്പതികളുടെ നാല് ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ പ്രതി തട്ടിക്കൊണ്ടുപോയത്.
പൊള്ളാച്ചി പൊലീസ് നൽകിയ ജാഗ്രതാ നിർദേശത്തിലുള്ള പരിശോധനയിൽ ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ രണ്ട് സ്ത്രീകൾ കുഞ്ഞിനെയും എടുത്ത് പുറത്തേക്ക് പോവുന്ന സിസിടിവി ദൃശ്യങ്ങള് പൊലീസിന് ലഭിച്ചു. ഇത് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ്, കൊടുവായൂർ സ്വദേശി മണികണ്ഠന്റെ വീട്ടിൽ നിന്നും കുഞ്ഞിനെ കണ്ടെത്തിയത്. മണികണ്ഠന്റെ ഭാര്യ ഷംനയെ പുലർച്ചെ രണ്ട് മണിയോടെ കസ്റ്റഡിയിലെടുത്ത് പൊള്ളാച്ചിയിലേക്ക് കൊണ്ടുപോയി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
Content Highlight: case ,abduct, newborn baby;