മണ്ണാര്‍ക്കാട് ഇരട്ട കൊലപാതകത്തിലെ ശിക്ഷാവിധി വെള്ളിയാഴ്ച; 25 പ്രതികളും കുറ്റക്കാരെന്ന് കോടതി
പാലക്കാട് കാഞ്ഞിരപ്പുഴ കല്ലാംകുഴിയിലെ ഇരട്ടക്കൊലപാതകത്തില്‍ 25 പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. പാലക്കാട് ജില്ലാ ജുഡീഷ്യല്‍ ഫാസ്റ്റ് ട്രാക്ക് കോടതിയാണ് കേസിലെ 25 പ്രതികളും കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. പ്രതികള്‍ക്കുള്ള ശിക്ഷ കോടതി വെള്ളിയാഴ്ച വിധിക്കും.
കൊലപാതകങ്ങള്‍ നടന്ന് ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിചാരണ നടപടികള്‍ ആരംഭിച്ചത്. 2013 നവംബര്‍ 20നായിരുന്നു കല്ലാംകുഴി പള്ളത്ത് വീട്ടില്‍ കുഞ്ഞുഹംസ, നൂറുദ്ദീന്‍ എന്നിവരെ മാരകായുധങ്ങളുമായെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഇവരുടെ സഹോദരന് കുഞ്ഞുമുഹമ്മദിനും പരിക്കേറ്റിരുന്നു.
പള്ളിയുമായി പിരിവ് നടത്തിയതുമായി ബന്ധപ്പെട്ട തര്‍ക്കമായിരുന്നു കൊലപാതകത്തില്‍ കലാശിച്ചത്. 27 പ്രതികളാണ് കേസില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ മരിച്ചു. അന്നത്തെ കാഞ്ഞിരപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചോലാട്ടില്‍ സിദ്ദീഖാണ് കേസിലെ ഒന്നാം പ്രതി. പ്രതികള്‍ക്ക് രാഷ്ട്രീയ പിന്തുണയും സഹായവും ലഭിച്ചിരുന്നതായും ആരോപണങ്ങളുയര്‍ന്നിരുന്നു.
Content Highlight – Mannarkkad double murder convict sentenced on Friday