മലയാളികളുടെ ബോട്ട് ഇടിച്ച് തകർത്ത വിദേശ എണ്ണക്കപ്പൽ വിഴിഞ്ഞത്ത് പിടിച്ചിട്ടു; കപ്പൽ ഇടിച്ച് കടലിൽ വീണ രണ്ട് പേരെ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല
വിദേശ കപ്പലിടിച്ച് കൊല്ലം നീണ്ടകര സ്വദേശിയുടെ മീൻപിടിത്ത ബോട്ട് തകർന്ന സംഭവത്തിൽ, ഡയറക്ടർ ജറനൽ ഓഫ് ഷിപ്പിങ് അധികൃതർ തടഞ്ഞുവെച്ച കപ്പൽ ഇന്ത്യ വിടാൻ വൈകും എന്നാണ് അറിയുന്നത്. നങ്കൂരമിട്ടിരുന്ന സെയ്ന്റ് ജോസഫ് എന്ന ട്രോളർ ബോട്ടിൽ ഈ എണ്ണ കപ്പൽ ഇടിച്ചതാണെന്ന് അന്വേഷണ ഏജൻസിയായ മർക്കൈന്റൽ മറൈൻ ഡിപ്പാട്ട്മെന്റ് കണ്ടെത്തിയിട്ടുണ്ട്.

നിയമനടപടികൾ പൂർത്തിയാകുന്നതുവരെ കപ്പൽ തീരം വിട്ട് പോകരുതെന്നും ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ് അധികൃതർ ക്യാപ്റ്റന് കർശനനിർദേശം നൽകിയിട്ടുണ്ട്. പനാമ രജിസ്ട്രേഷനിലുള്ള എം.വി. സോളീസ് എന്ന എണ്ണക്കപ്പലാണ് മീൻപിടിത്ത ബോട്ടിലിടിച്ചത്. കോസ്റ്റ്ഗാർഡിന്റെ വിഴിഞ്ഞം സ്റ്റേഷൻ കമാൻഡറുടെ നേതൃത്വത്തിൽ കഴിഞ്ഞ മാർച്ച് 10നാണ് കപ്പൽ വിഴിഞ്ഞം പുറംകടലിലെത്തിച്ചത്.
അനഘ് എന്ന കപ്പലാണ് എംടി സോളിസിനെ കസ്റ്റഡിയിലെടുത്ത് വിഴിഞ്ഞം പുറംകടലിൽ എത്തിച്ചത്. തുടർന്ന് കൊച്ചിയിൽനിന്നെത്തിയ ഡി ജി ഷിപ്പിങ്ങിന്റെ ചീഫ് സർവേയർ ഉൾപ്പെട്ട ഉദ്യോഗസ്ഥ സംഘം കപ്പലിലെത്തി പ്രാഥമിക സർവേ നടത്തി. അന്താരാഷ്ട്ര കപ്പൽച്ചാലിനു സമീപത്തായിരുന്നു അപകടമെന്നാണ് പ്രാഥമിക അന്വേഷണം. ഇത് സ്ഥിരീകരിക്കുന്നതിന് കപ്പലിലെ ക്യാപ്റ്റൻ ഉൾപ്പെട്ട 20 അംഗ ജീവനക്കാരിൽനിന്നു വിവര ശേഖരണം നടത്തുകയും ചെയ്തു.
മാർച്ച് ഏഴിന് ഉച്ചയ്ക്ക് ഒന്നേ മുക്കാലോടെയാണ് കന്യാകുമാരിയിലെ മുട്ടം തുറമുഖത്തുനിന്നു 57 നോട്ടിക്കൽ മൈൽ അകലെ അപകടം ഉണ്ടായത്. ഒമാൻ തുറമുഖത്തുനിന്ന് ശ്രീലങ്കയിലെ കൊളംബോ തുറമുഖത്തേക്ക് പോകുകയായിരുന്നു എണ്ണ കപ്പലെന്ന് അധികൃതർ പറഞ്ഞു.
ബോട്ടിലുണ്ടായിരുന്ന 11 മത്സ്യത്തൊഴിലാളികൾ കപ്പലിടിച്ചതിന്റെ ആഘാതത്തിൽ കടലിൽ വീണിരുന്നു. ഇവരിൽ ഒൻപതുപേരെ അപകടത്തിനിടയാക്കിയ കപ്പലിലെ ജീവനക്കാർ രക്ഷപ്പെടുത്തിയിരുന്നു. അതേസമയം, ഇവർക്കൊപ്പമുണ്ടായിരുന്ന കൊൽക്കത്ത സ്വദേശികളായ ലെഖാനെയും ഇദ്ദേഹത്തിന്റെ മകൻ ബാവലിനെയും ഇതുവരെയും കണ്ടെത്തിയിട്ടില്ല.
മെർക്കൈന്റയിൽ മറൈൻ ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കപ്പലിന്റെ മുൻഭാഗത്തിന് തൊട്ടുതാഴെയുള്ള ബൾബസ് ബോ എന്ന ഭാഗമാണ് മീൻപിടിത്ത ബോട്ടിലേക്ക് ഇടിച്ചുകയറിയതെന്ന് കണ്ടെത്തിയിരുന്നു. കപ്പലിന്റെ ഈ ഭാഗത്തുള്ള പെയിന്റ് ഇളകിയ നിലയിലാണ് ഉള്ളത്. കൂടാതെ പല സ്ഥലങ്ങളിലും ബോട്ടിലേക്ക് ഇടിച്ചകയറിയതിന്റെ ഫലമായി ചതഞ്ഞ പാടുകളും കണ്ടെത്തിയിരുന്നു. കപ്പലിലുള്ള ഡാറ്റാ റെക്കോഡർകൂടി പരിശോധിച്ചായിരുന്നു ഇക്കാര്യം ഉറപ്പുവരുത്തിയത്.
കേരള മാരിടൈം ബോർഡിന്റെ നിയന്ത്രണത്തിലാണ് ഡി.ജി. ഷിപ്പിങ് അധികൃതർ അറസ്റ്റു ചെയ്തിട്ട എം.വി. സോളീസ് എന്ന കപ്പൽ. ഇപ്പോൾ വിഴിഞ്ഞത്തെ പുറംകടലിലാണ് കപ്പൽ നങ്കൂരമിട്ടിട്ടുള്ളത്. ക്യാപ്റ്റൻ അടക്കം 24 പേരാണ് കപ്പലിലുള്ളത്. പുറംകടലിൽ തങ്ങുന്നതിന് വാടക ആയിട്ട് ഏകദേശം 20 ലക്ഷത്തോളം രൂപയാണ് കപ്പലിന്റെ ഏജന്റ്സ് മാരിടൈം ബോർഡിന് ഇതുവരെ നൽകിയിട്ടുള്ളത്.
ചിറക്കര സ്വദേശി രാജേഷ് മാത്യുവിന്റെതാണ് സെയ്ന്റ് ജോസഫ് എന്ന ട്രോളിങ് ബോട്ട്. മത്സ്യബന്ധനത്തിന് ശേഷം വിശ്രമിക്കുന്ന സമയത്താണ് എണ്ണക്കപ്പൽ ഈ ബോട്ടിലേക്ക് ഇടിച്ച് കയറിയത്. ഉറക്കത്തിലായിരുന്ന ജോലിക്കാർ വെള്ളത്തിൽ തെറിച്ച് വീണതോടെയാണ് അപകടമാണെന്ന് മനസിലായത്.








