ജാസ്ലിയ വാഹനം ഇടിച്ചു മരിച്ച കേസ്: പ്രതി ഡോ. സിറിയക് പി ജോര്‍ജ് പിടിയില്‍
അങ്കമാലിയില്‍ കോളജ് വിദ്യാര്‍ത്ഥിനി ജാസ്ലിയ ജോണ്സണ് വാഹനം ഇടിച്ചു മരിച്ച സംഭവത്തില്‍ മുഖ്യപ്രതി ഡോക്ടര്‍ സിറിയക് പി ജോര്‍ജ് പിടിയിലായി. ഒളിവില്‍ കഴിഞ്ഞ സിറിയക്കിനെ വാഗമണ്ണില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ഇയാള്‍ വാഗമണ്ണിന് സമീപം കണ്ണംകുളത്തെ റിസോര്‍ട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു. അപകടം നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് ഇയാള്‍ പിടിയിലാകുന്നത്.
കാര്‍ ഓടിച്ച കോട്ടയം സ്വദേശി ഡോക്ടര്‍ സിറിയക്കിന്റെ പിതാവ് അതിരമ്പുഴ സ്വദേശി ജോര്‍ജ് തോമസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിയായ ഡോ. സിറിയകിനെ ഒളിവില്‍ പോകാന്‍ സഹായിച്ചതിനാണ് ജോർജിനെ അറസ്റ്റ് ചെയ്തത്. ഒളിവിൽ കഴിഞ്ഞ ഡോക്ടർ സിറിയക്കിനെ കണ്ടെത്താൻ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഡോ. സിറിയക്കിനെതിരെ കുറ്റകരമായ നരഹത്യയ്ക്കാണ് കേസെടുത്തിട്ടുള്ളത്.
അപകടമുണ്ടാക്കിയ കാർ ആലപ്പുഴ തുറവൂരിൽനിന്നു കണ്ടെത്തിയിട്ടും ഇത് ഓടിച്ചിരുന്ന ഡോ. സിറിയക്കിനെ കണ്ടെത്താൻ പൊലീസിനു കഴിഞ്ഞിരുന്നില്ല. മൂന്നുദിവസമായി ഇയാളുടെ ഫോണിന്റെ ടവർ ലോക്കേഷൻ വാഗമണ്ണിലുണ്ടെന്ന് പൊലീസ് മനസ്സിലാക്കി അന്വേഷണം തുടരുകയായിരുന്നു. മഫ്ത്തിയിൽ പൊലീസ് സംഘം എത്തിയതോടെ ഡോ. സിറിയക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് പൊലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു എന്നാണ് വിവരം. ചാലാക്ക മെഡിക്കൽ കോളജിൽനിന്ന് എംബിബിഎസ് പാസായ ശേഷം അവിടെ ഹൗസ് സർജൻസി ചെയ്യുകയായിരുന്നു ഡോ. സിറിയക്.








