പിപി തങ്കച്ചന്റെ സംസ്കാരം ഇന്ന്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ പിപി തങ്കച്ചന്റെ സംസ്കാരം ഇന്ന് നെടുമ്പാശേരി അകപ്പറമ്പ് മാര്‍ ശാബോര്‍ അഫ്രോത്ത് യാക്കോബായ കത്തീഡ്രല്‍ പള്ളിയില്‍ നടക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് പെരുമ്പാവൂരിലെ വസതിയില്‍ സംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കും. തുടര്‍ന്ന് മൂന്ന് മണിക്ക് പള്ളിയിലെത്തിച്ച് സംസ്കാരം നടത്തും.
രാഷ്ട്രീയ പ്രമുഖര്‍ ഉള്‍പ്പടെ അനേകര്‍ തങ്കച്ചനെ അവസാനമായി ഒരു നോക്ക് കാണാന്‍ അദ്ദേഹത്തിന്റെ വസതിയായ രേഖ ഭവനില്‍ എത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്, പ്രതിപക്ഷ നേതാവ് വിഡി സതീശന്, മന്ത്രിമാരായ പി രാജീവ്, കെ കൃഷ്ണന് കുട്ടി, കെഎന്‍ ബാലഗോപാല്‍, എന്നിവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.
ആലുവ രാജഗിരി ആശുപത്രിയില്‍ നിന്നും ഇന്നലെ രാവിലെ പതിനൊന്നുമണിയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. പ്രിയനേതാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നാട് ഒന്നാകെ ഒഴുകിയെത്തി. ഇന്ന് ഉച്ചവരെ അന്തിമോപചാരം അര്‍പ്പിക്കാന്‍ സമയമുണ്ട്.