വേടനെ കുരുതി കൊടുക്കാൻ കാത്തിരിക്കുന്ന ആരാച്ചാർ സംഘങ്ങൾ; വ്യക്തിഹത്യയല്ല ലക്ഷ്യം, വംശഹത്യ തന്നെയാണ്

ബലാത്സംഗ പരാതിയുമായി യുവതി രംഗത്തെത്തിയതിന് പിന്നാലെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിനുശേഷം വേടൻ എവിടെ എന്ന് ആർക്കും അറിയില്ല. വേടന്റെ മുൻകൂർ ജാമ്യം ഈ വരുന്ന 18-ാം തീയതിയാണ് ഹൈക്കോടതി പരിഗണനയിൽ വരുന്നത്.
വേടനെ എതിർത്തും, അനുകൂലിച്ചും നിരവധി പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ വരുന്നുണ്ട്.
വേടനെ അനുകൂലിക്കുന്നവർ പറയുന്നതും, വേടൻ കുറ്റക്കാരനാണെങ്കിൽ നിർബന്ധമായും ശിക്ഷിക്കപ്പെടണം, ഇരയായിട്ടുള്ളവർക്ക് നീതി കിട്ടണം എന്ന് തന്നെയാണ്. എന്നാൽ വേടനെ സാമൂഹികമായി ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്. അക്കൂട്ടരാണ് കേരളം കണ്ട ഏറ്റവും വലിയ ക്രിമിനൽ വേടൻ ആണെന്ന രീതിയിൽ പ്രചാരണം നടത്തുന്നത്. അതിനെതിരെയാണ് ഇപ്പോൾ പല പോസ്റ്റുകളും വരുന്നത്.
ലജിത് എന്നൊരു പ്രൊഫൈലിൽ വന്ന ഒരു കുറിപ്പ് നോക്കാം – “അതിക്രൂരമായി സെക്സ് ചെയ്തു ബ്ലീഡിങ് വരുത്തിയവൻ, സിന്തറ്റിക് ഡ്രഗ്ഗ് ഉപയോഗിക്കുന്നവൻ,” അപ്പോൾ അങ്ങനെ ഒരുത്തൻ കല്യാണം കഴിക്കാതെ അവനായിട്ട് ഒഴിഞ്ഞുപോയാൽ ജീവിതം രക്ഷപ്പെട്ടു എന്നല്ലേ കരുതേണ്ടത്? ഇങ്ങനെ പ്രശ്നക്കാരനായ ഒരുത്തൻ വിവാഹം കഴിക്കാതെ അതിൽ നിന്ന് പിന്മാറിയതിൻ്റെ പേരിൽ പരാതി കൊടുത്തതിന്റെ ലോജിക് എന്താണ് ?
“വിവാഹ വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിൽ ഉഭയസമ്മത പ്രകാരം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. പക്ഷേ ആ സെക്ഷ്വൽ റിലേഷൻഷിപ്പ് ക്രൂരമായിരുന്നു, വയലൻസ് ഉണ്ടായിരുന്നു, ഡ്രഗ്സ് ഉപയോഗിക്കുന്ന, പെരുമാറ്റ വൈകല്ല്യം ഉള്ള ഒരാളാണ് എന്ന് തിരിച്ചറിയുന്നു” ഇതൊക്കെയാണ് ആരോപണങ്ങൾ. അങ്ങനെയായ ഒരാൾ, തന്നെ വിവാഹം കഴിക്കാം എന്ന് നൽകിയ വാഗ്ദാനം പാലിക്കാതിരിക്കുമ്പോൾ അതിനെതിരെ പരാതി കൊടുക്കുമ്പോൾ മനസ്സിലാകുന്നത് അയാൾ ഇങ്ങനെയൊക്കെയുള്ള ആളാണെങ്കിലും തന്നെ വിവാഹം കഴിച്ചിരുന്നെങ്കിൽ കുഴപ്പമില്ല എന്നല്ലേ? അങ്ങനെയുള്ള അയാളുമായി ഒരു വിവാഹ ജീവിതം ആഗ്രഹിക്കുന്നു എന്ന് തന്നെയല്ലേ ?
വിവാഹ വാഗ്ദാനം അയാൾ പാലിച്ചിരുന്നുവെങ്കിൽ, ഇപ്പോൾ അയാൾക്കെതിരെ പരാതിയിൽ സൂചിപ്പിച്ചിട്ടുള്ള വിഷയങ്ങളൊന്നും പരാതിക്കാരികൾക്ക് ഉണ്ടാകുമായിരുന്നില്ല എന്നല്ലേ മനസ്സിലാക്കേണ്ടത്? പരാതിയുടെ മൂലകാരണം വിവാഹ വാഗ്ദാനം പാലിച്ചില്ല എന്നത് മാത്രമാണ് എന്ന് പറയേണ്ടിവരും.
വേടൻ പാട്ടിലേക്ക്, ആ മേഖലയിലേക്ക് കയറിവന്നപ്പോൾ അതുമൂലം മത്സരം നേരിടേണ്ടി വന്ന, പാട്ടിനിടയിൽ രാഷ്ട്രീയം പറയുന്ന ഒരു പാട്ടുകാരൻ വേടനെതിരെ പ്രവർത്തിക്കുന്നു എന്ന് ചില സൂചനകളുണ്ട്. അയാളുടെ സുഹൃത്തായ സിനിമാ മേഖലയുമായി ബന്ധമുള്ള, കഥാകൃത്തായ ഒരാളാണ് വേടനെ സാമൂഹികമായി ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന, ഇരകളുടെ ഇന്റർവ്യൂ പുറത്തുവിടുന്ന മാധ്യമ സിൻഡിക്കേറ്റിന്റെ പിന്നിലുള്ളത് എന്നും പറയുന്നു.
വേടനെ വേട്ടയാടാൻ പലരും രംഗത്തുണ്ട്. പേഴ്സണൽ ഡാറ്റാ ചോർച്ചയുമായി ബന്ധപ്പെട്ട് ആക്ഷേപം നേരിടേണ്ടി വരുന്ന ഒരു സ്ഥാപനത്തിൻറെ പ്രധാന കക്ഷിയായിരുന്ന, കള്ളപേരില് സാമൂഹികമാധ്യമങ്ങളിൽ ഇടപെടുന്ന ഒരു കുലീന ക്രൈസ്തവ സ്ത്രീ നേതൃത്വം കൊടുക്കുന്ന ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് വേടൻ ഉച്ചാടനം ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്നുണ്ട്.
ലാജിത് തന്റെ പോസ്റ്റിൽ ഇതൊക്കെയാണ് ചൂണ്ടിക്കാണിക്കുന്നത്. വേടനെതിരെയുള്ള പരാതികൾ അന്വേഷിക്കപ്പെടണം, പോലീസ് കോടതി നിയമ സംവിധാനങ്ങളിലൂടെ അതിന് കൃത്യമായും പരിഹാരമുണ്ടാകണം. വേടൻ കുറ്റക്കാരനാണെങ്കിൽ നിർബന്ധമായും ശിക്ഷിക്കപ്പെടണം, ഇരയായിട്ടുള്ളവർക്ക് നീതി കിട്ടണം.
വേടന് എതിരായ പ്രവർത്തനങ്ങൾക്ക് പിന്നിൽ പ്രൊഫഷണൽ ജലസിയുണ്ട്, സാമുദായിക കാരണങ്ങൾ ഉണ്ട്, വേടൻ ഉയർത്തുന്ന വളരെ ഗൗരവതരമായ ജനാധിപത്യത്തിൻറെ, ബഹുസ്വരതയുടെ രാഷ്ട്രീയത്തോടുള്ള പ്രശ്നങ്ങളുണ്ട്, ജാതിയുണ്ട്, അങ്ങനെ നിരവധി കാരണങ്ങളുണ്ട്. ആ രീതിയിൽ, സംഘപരിവാർ ഉൾപ്പെടെ , ഒരു വലിയ കോക്കസ് കൃത്യമായി വേടനെതിരെ രംഗത്തുണ്ട്.
സിനിമ നടൻ സിദ്ദിഖിനെതിരെയും, മുകേഷിനെതിരെയുമൊക്കെ ഉയർന്നുവന്ന പരാതികൾ, കൃത്യമായ പരിചയം പോലുമില്ലാത്ത, പ്രണയബന്ധം പോലുമില്ലാത്ത, സ്ത്രീകളെ വിളിച്ചുവരുത്തി ലൈംഗികാ അതിക്രമം നടത്തി എന്നുള്ളതാണ്. വേടനെതിരെ ഉയർന്നതിനേക്കാൾ വളരെ സീരിയസ് ആയിട്ടുള്ള പരാതികളാണ് അതൊക്കെ. അതിലൊന്നും രോഷം കൊള്ളാത്തവരാണ് വേടന്റെ ചോരക്കായി മുറവിളി കൂട്ടുന്നത്.
പാട്ടിലൂടെ സ്വന്തം കാര്യം മാത്രം നോക്കാതെ, കീഴ് തട്ടിൽ ഉള്ള ഒരുപാട് പേരുടെ കാര്യങ്ങളാണ് വേടൻ പറഞ്ഞതും പാടിയതും. അത് ദഹിക്കാത്ത വലിയൊരു വിഭാഗം ഇവിടുണ്ട്. വേടനെതിരെ കൊലവിളി ഉയർത്തുന്നതും അക്കൂട്ടരാണ്.
കേസിൽ വാദം കേട്ട് കോടതി എന്തായാലും തീരുമാനം എടുക്കും. പക്ഷെ ഇപ്പോൾ പലരും ഈ കേസിന്റെ പേര് പറഞ്ഞ് വേടന്റെ അമ്മയെയും സഹോദരിയെയും വരെ അപമാനിക്കുന്നുണ്ട്. ഓർക്കുക, വേടൻ എവിടെയും അതിക്രമിച്ച് കയറി ലൈംഗിക അതിക്രമം നടത്തിയിട്ടില്ല. ആ ബന്ധങ്ങൾ നടക്കുന്ന സമയത്ത് ഉഭയ കക്ഷിസമ്മതം ഉണ്ടായിരുന്നു. പിന്നീടുള്ള വാഗ്ദാന ലംഘന കേസ് കോടതി തീരുമാനിക്കും.
പക്ഷെ ഇപ്പോൾ ചിലർ നടത്തുന്നത് വേടനെതിരെയുള്ള വ്യക്തിഹത്യ മാത്രമല്ല. ഇതൊരു വംശഹത്യ ആണെന്ന് തന്നെ പറയേണ്ടിവരും. എന്നാൽ അത്, ഒരു വിഭാഗം ആളുകൾ മാത്രം തീരുമാനിച്ചാൽ നടപ്പിലാക്കാൻ പറ്റുന്നതുമല്ല. നിയമപ്രകാരമുള്ള നടപടികൾ വേടൻ നേരിടുക തന്നെ വേണം. എന്ന് കരുതി അയാളെയും, അയാൾ ഉയർത്തുന്ന ശബ്ദത്തെയും ഇല്ലാതാക്കാമെന്ന വ്യാമോഹം നടക്കാനും പോകുന്നില്ല.