കോടതി നടപടികള്‍ ഉണ്ടാകണമെങ്കില്‍ സമരം അവസാനിപ്പിക്കണം; കെഎസ്ആര്‍ടിസി യൂണിയനുകളുകളോട് ഹൈക്കോടതി
കെഎസ്ആര്‍ടിസി തൊഴിലാളി യൂണിയനുകള്‍ നടത്തുന്ന സമരത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. സമരം ഉടന്‍ നിര്‍ത്തിവെക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. കോടതി നടപടികള്‍ ഉണ്ടാകണമെങ്കില്‍ സമരം അവസാനിപ്പിക്കണം. സമരം തുടര്‍ന്നാല്‍ ശമ്പളം കൃത്യസമയത്ത് നല്‍കണമെന്ന ഇടക്കാല ഉത്തരവ് പിന്‍വലിക്കേണ്ടി വരുമെന്നും കോടതി പറഞ്ഞു. കെഎസ്ആര്‍ടിസിയിലെ ശമ്പളം വൈകുന്നതിനെതിരായ ഹര്‍ജി പരിഗണിക്കവേയാണ് ജസ്റ്റിസ് ദേവന് രാമചന്ദ്രന് യൂണിയനുകളെ ശക്തമായി വിമര്‍ശിച്ചത്.
കോടതിയില്‍ വിശ്വാസം അര്‍പ്പിക്കണമെന്നും ഒറ്റ ദിവസം കൊണ്ട് അത്ഭുതം പ്രതീക്ഷിക്കരുതെന്നും കോടതി പറഞ്ഞു. ശമ്പളം വൈകിയതിനെത്തുടര്‍ന്നുള്ള കേസ് കോടതിയുടെ പരിഗണനയില്‍ ഇരിക്കുമ്പോള്‍ വീണ്ടും സമരം നടത്തിയതിനെതിരെ ഹൈക്കോടതി നേരത്തേ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഓഫീസ് പ്രവര്‍ത്തനങ്ങളെയടക്കം തടസപ്പെടുത്തിയുള്ള സമരത്തില്‍ കോടതി ഇടപെടണമെന്ന് ആവശ്യം ഉന്നയിച്ച് കെഎസ്ആര്‍ടിസി ഉപഹര്‍ജി സമര്മിപ്പിച്ചിരുന്നു. ജീവനക്കാര്‍ക്ക് ശമ്പളം നല്കുന്നതില് യാതൊരു തരത്തിലുള്ള വിട്ടുവീഴ്ച്ചയും പാടില്ലെന്ന് ഇടക്കാല ഉത്തരവില്‍ കോടതി നിര്‍ദേശിച്ചിരുന്നു.
അതേസമയം, മറ്റു തൊഴിലാളി യുണിയനുകള്‍ സമരം അവസാനിപ്പിച്ചാല്‍ തങ്ങളും സമരം നിര്‍ത്തിവയ്ക്കാമെന്ന് സിഐടിയു യൂണിയന് കോടതിയില്‍ അറിയിച്ചു. ഓഫീസ് പ്രവര്‍ത്തങ്ങളെ തടസ്സപ്പെടുത്തിയിട്ടില്ല. സിഎംഡിയെ ഓഫീസില്‍ തടഞ്ഞിട്ടില്ല. നോട്ടീസ് നല്‍കിയാണ് സമരം നടത്തിയത്. അവധിയിലുള്ള ജീവനക്കാര്‍ മാത്രമേ സമരത്തില്‍ പങ്കെടുത്തിട്ടുള്ളൂവെന്നും യൂണിയനുകള്‍ കോടതിയില്‍ അറിയിച്ചു.
Content Highlights – HighCourt, criticized the strike by KSRTC labor unions