ഇരട്ടക്കുട്ടികളേയും അമ്മയേയും പുറത്താക്കിയ സംഭവം ;ഇടപെട്ട് കോടതി

തിരുവനന്തപുരം: ഇരട്ടക്കുട്ടികളേയും അമ്മയേയും പുറത്താക്കി വീട് പൂട്ടിയ സംഭവത്തിൽ ഇടപെട്ട് കോടതി. യുവതിക്കും കുട്ടികൾക്കും വീട്ടിൽ പ്രവേശിക്കാം എന്ന കോടതി നിർദ്ദേശം . വീട്ടിൽ താമസിക്കുന്നതിന് പ്രതികൾ തടസം നിൽക്കരുത്. പൂട്ട് പൊളിച്ച് വീടിന് അകത്തേക്ക് കയറാനും താമസിക്കാനുമുളള സൗകര്യം ഒരുക്കി നൽകണമെന്നും പൊലീസിന് കോടതി നിർദേശം നൽകി. നെയ്യാറ്റിൻകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഏഴാം കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വെണ്ണിയൂർ സ്വദേശി നീതുവിനേയും കുഞ്ഞുങ്ങളേയുമാണ് ഭർത്താവായ അജിത് റോബിൻ വീട് പൂട്ടി പുറത്താക്കിയിരുന്നത്.
നീതുവിനെയും രണ്ട് പെൺകുട്ടികളെയും വീടിനു പുറത്താക്കിയ സംഭവത്തെക്കുറിച്ച് മാധ്യമങ്ങളിൽ വന്ന വാർത്ത കോടതി നിരീക്ഷിച്ചതിനു പിന്നാലെയാണ് അനുകൂല വിധി പുറപ്പെടുവിച്ചത്. ഉത്തരവിന് പിന്നാലെ വിഴിഞ്ഞം എസ് എച്ച് ഒയുടെ നേതൃത്വത്തിൽ നീതുവിനും പെൺകുട്ടികൾക്കും ഇന്നലെ രാത്രിയോടെ വീട് തുറന്നു നൽകി.
ഭർത്താവിന്റെ ഭാഗത്ത് നിന്ന് ശാരീരികമായ ആക്രമിക്കുമോ എന്ന ഭയമുണ്ടെന്ന് നീതു പറഞ്ഞു. നീതുവിന്റേയും കുട്ടികളുടേയും സുരക്ഷയ്ക്കായി രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്, കൂടാതെ രാതിയിൽ പട്രോളിങ്ങുമുണ്ട്. കേസ് എടുത്തതിന് പിന്നാലെ യുവതിയുടെ ഭർത്താവായ അജിത് റോബിനും മാതാപിതാക്കളും ഒളിവിൽ പോയിരിക്കുകയാണ്. ഇയാൾ ജോലി ചെയ്യുന്ന മലപ്പുറം പൊന്നാനി മുൻസിപ്പാലിറ്റിയിലും എത്തിയിട്ടില്ലെന്നാണ് വിവരം. മലപ്പുറം പൊന്നാനി മുനിസിപ്പാലിറ്റിയിലെ ജീവനക്കാരനാണ് അജിത്ത് റോബിൻ.