ഭാഷ മോശം, പക്ഷെ പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നെന്ന് ചെകുത്താൻ; ചെകുത്താനെ പൂട്ടാൻ ആർമിയും??
മോഹന്‍ലാലിനെതിരെ താൻ വീഡിയോയിൽ പറഞ്ഞ അഭിപ്രായങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ചെകുത്താന് എന്ന പേരില്‍ അറിയപ്പെടുന്ന യൂട്യൂബര്‍ അജു അലക്സ് പറയുന്നു. മോഹൻലാലിനെതിരെ അധിക്ഷേപം നടത്തിയ സംഭവത്തില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയതിന് തൊട്ട് പിന്നാലെയാണ് അജു അലക്സ് ഇക്കാര്യം പറയുന്നത് .
ഇനിയും അഭിപ്രായങ്ങള്‍ തുറന്നുപറയുമെന്നും കേരളത്തില്‍ ഒരുപാട് പേര്‍ക്ക് മോഹന്‍ലാല്‍ വയനാട്ടില്‍ പോയതിനെക്കുറിച്ച് താൻ പറഞ്ഞ അതേ അഭിപ്രായമുണ്ടെന്നും അജു അലക്സ് അവകാശപ്പെട്ടു. എന്നാല്‍, താന്‍ ഉപയോഗിച്ച വാക്കുകള്‍ ശരിയായിരുന്നില്ലെന്നും അജു സമ്മതിക്കുന്നുണ്ട് . ഉപയോഗിച്ച വാക്കുകള്‍ ശരിയായില്ലെങ്കിലും പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും മോഹന്‍ലാലിനെതിരെ സൈന്യത്തിന് തന്നെ പരാതി നല്‍കുമെന്നും ചെകുത്താന് അജു പറയുന്നു.
വയനാട് വലിയൊരു ദുരന്തം നടന്ന സ്ഥലമാണ്. ‘ദുരന്തമുഖത്ത് പരിശീലനം കിട്ടിയ ആളുകളുടെ സാന്നിധ്യമാണ് അപ്പോള്‍ അവിടെ വേണ്ടത്. ജീവന് രക്ഷിക്കാനുള്ള മിലിറ്ററിയുടെ വിലപ്പെട്ട സമയമാണ് അത്രയും നേരം പോയത്. സൈന്യത്തിന്റെ വിലപ്പെട്ട സമയമാണ് മോഹന്‍ലാല്‍ കളഞ്ഞത് . ഒരു മിലിട്ടറി ഉദ്യോഗസ്ഥനാണ് വന്നിരുന്നതെങ്കില്‍ അത്രയധികം ആളുകള്‍ അവിടെ എത്തില്ലായിരുന്നു. ഇത് സെലിബ്രിറ്റി ആയതുകൊണ്ടാണ് ആളുകള്‍ കൂടുകയും സെല്‍ഫി എടുക്കുകയും ചെയ്തത്. പൊലീസിന്റെ നിര്‍ദേശപ്രകാരമാണ് തൻറെ വീഡിയോ നീക്കം ചെയ്തത് എന്നും ’ അജു അലക്സ് പറഞ്ഞു.
‘ദുരന്ത മേഖലയില്‍ നിന്നും പകര്‍ത്തിയ ചിത്രങ്ങള്‍ മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. അങ്ങനെ ഒന്നും ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തതാണ്. പൊലീസ് കേസെടുത്തതിന് പിന്നാലെ ഞാന്‍ ഒളിവിലാണ് എന്നൊക്കെ വ്യാജ പ്രചാരണം നടന്നിരുന്നു.
സ്റ്റേഷനിലെത്താന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പോയപ്പോഴാണ് തുടര്‍നടപടിയുണ്ടായത്. അഴിക്കുള്ളിലായതുപോലെയുള്ള ചിത്രങ്ങളൊക്കെയാണ് സോഷ്യൽ മീഡിയയിൽ വന്നത്. അതൊന്നും സംഭവിച്ചതല്ല. താന്‍ സ്റ്റേഷനിലെത്തിയശേഷം പിന്നീട് പല കാര്യങ്ങളും വ്യാജമായി പ്രചരിച്ചു എന്നും ’ അജു അലക്സ് പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രിയോടെയാണ് തിരുവല്ല പൊലീസ് അജുവിനെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടത്. നേരത്തെ, ഇയാളുടെ ഇടപ്പള്ളിയിലെ താമസ സ്ഥലത്തുനിന്നും കമ്പ്യൂട്ടര്‍ അടക്കമുള്ള എല്ലാ ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തിരുന്നു. അമ്മ ജനറല്‍ സെക്രട്ടറി നടന് സിദ്ദീഖിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് മോഹന്‍ലാലിനെ അപമാനിച്ചതിന് അജുവിനെതിരെ കേസെടുത്തത്.
എന്നാൽ അജു അലക്സിനെതിരെ ടെറിട്ടോറിയല്‍ ആർമിയും കേസിന് പോകുമെന്നാണ് അറിയാൻ കഴിഞ്ഞതെന്ന് സിഐ സുനിൽ കൃഷ്ണൻ പറയുന്നു. മോഹൻലാല്‍ തന്നെ വിളിച്ചിരുന്നു. മോഹൻലാല്‍ എന്ന വ്യക്തിയെ ആക്ഷേപിച്ചതില്‍ അല്ല, സൈന്യത്തെ ആക്ഷേപിച്ചതില്‍ ആണ് വിഷമം എന്ന് മോഹൻലാല്‍ പറഞ്ഞെന്നും സിഐ സുനില്‍ കൃഷ്ണൻ പറഞ്ഞു. ഇത്തരത്തില്‍ ശക്തമായ നടപടി എടുത്താലെ ഇത്തരക്കാര്‍ കണ്ട്രോള്ഡ് ആകുകയുള്ളു. ഇതുസംബന്ധിച്ച കേസ് എടുത്ത വിവരം ഉന്നത ഉദ്യോഗസ്ഥനെ അറിയിച്ചപ്പോള്‍ ശക്തമായ നടപടി എടുക്കണമെന്ന് തന്നെയാണ് അവരുടേയും നിര്‍ദേശം. ഉന്നതതല നിര്‍ദേശമുണ്ടെന്നും സിഐ പറഞ്ഞു.