നീറ്റ് പരീക്ഷയ്ക്കിടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം; പരാതി ലഭിച്ചിട്ടില്ലെന്ന് എന്‍ടിഎ
നീറ്റ് പരീക്ഷയ്ക്കിടെ പെണ്‍കുട്ടിയുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ വിശദീകരണവുമായി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി. സംഭവത്തില്‍ നേരിട്ടോ പരീക്ഷയുടെ സമയത്തോ അതിന് ശേഷമോ പരാതിയൊന്നും ലഭിച്ചിരുന്നില്ലെന്ന് എന്‍ടിഎ അറിയിച്ചു.
പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ചതായുള്ള പരാതിയില്‍ പരിശോധന നടത്തുമെന്ന് എന്‍ടിഎ വ്യക്തമാക്കി. വിദ്യാര്‍ത്ഥികള്‍ക്കുള്ള ഡ്രസ് കോഡിന്റെ വിശദാംശങ്ങള്‍ പരീക്ഷാ വിജ്ഞാപനത്തിലുണ്ട്. ഏത് സാഹചര്യത്തിലായാലും അടിവസ്ത്രം അഴിപ്പിക്കാന്‍ പാടില്ലായിരുന്നുവെന്നും എന്‍ടിഎ പറഞ്ഞു.
ആയൂര്‍ മാര്‍ത്തോമ്മാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്നോളജിയില്‍ പരീക്ഷയെഴുതാനെത്തിയ വിദ്യാര്‍ഥിനികള്‍ക്കാണ് ഈ ദുരനുഭവം ഉണ്ടായത്. പരീക്ഷാ കേന്ദ്രത്തിലെ പ്രവേശന കേന്ദ്രത്തില്‍ വസ്ത്രങ്ങള്‍ പരിശോധിക്കുകയും അടിവസ്ത്രം അഴിപ്പിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. വസ്ത്രത്തില്‍ ലോഹ വസ്തു ഉണ്ടെന്ന കാരണം സൂചിപ്പിച്ചായിരുന്നു ഈ പരിശോധന നടന്നത്. ദേഹ പരിശോധന ഡ്യൂട്ടിയിലുണ്ടായിരുന്ന സ്്ത്രീയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചതടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.
സ്വന്തം ഭാവിയാണോ അടിവസ്ത്രമാണോ വലുത് എന്ന ഉദ്യോഗസ്ഥയുടെ ചോദ്യത്തിനു മുന്നില്‍ അപമാനിതയായ കുട്ടിക്കു മാനസിക സമ്മര്‍ദം മൂലം പരീക്ഷ നന്നായി എഴുതാനായില്ലെന്നും പരാതിയില്‍ പറഞ്ഞിരുന്നു. ഇതേ കേന്ദ്രത്തില്‍ പരീക്ഷയെഴുതിയ മറ്റു വിദ്യാര്‍ഥിനികളും പരാതി നല്‍കിയിട്ടുണ്ട്.
Content Highlights – Girl’s underwear incident during the NEET exam, The National Testing Agency gave explanation