ദേശീയ ജലപാത യാഥാര്‍ഥ്യമാകുന്നു, ആക്കുളം-ചേറ്റുവ പാത ഉദ്ഘാടനം ഈ മാസം
കേരളത്തിലെ ഗതാഗത രംഗത്ത് നാഴികക്കല്ലാകാന്‍ പോകുന്ന ദേശീയ ജലപാത യാഥാര്‍ഥ്യമാകുന്നു. കോവളം-ബേക്കല്‍ വെസ്റ്റ് കോസ്റ്റ് കനാല്‍ പദ്ധതിയുടെ ഭാഗമായ ദേശീയ ജലപാതയുടെ ആക്കുളം-ചേറ്റുവ പാത ഈ മാസം കമ്മീഷന് ചെയ്യാനാണ് നീക്കം. ഫെബ്രുവരി 26ന് മുഖ്യമന്ത്രി പിണറായി വിജയന് പദ്ധതി ഉദ്ഘാടനം ചെയ്യും. കഠിനംകുളം തടാകത്തില്‍ സീപ്ലെയിന്‍ ലാന്‍ഡിങ്ങ് ഉള്‍പ്പെടെയുള്ള പരിപാടികളോടെയായിരിക്കും ചടങ്ങ്.
കേരളത്തിന്റെ കായലുകളിലെ സീപ്ലെയിന്‍ പ്രവര്‍ത്തനങ്ങളുടെ സാധ്യതകള്‍ പ്രദര്‍ശിപ്പിക്കുക എന്നതുള്‍പ്പെടെയാണ് ഉദ്ഘാടന ചടങ്ങിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വിമാനം ലാന്‍ഡ് ചെയ്യുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഫെബ്രുവരി 20 ഓടെ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. നെടുമ്പാശ്ശേരിയില്‍ നിന്നും പുറപ്പെടുന്ന സീപ്ലെയിനില്‍ മുഖ്യമന്ത്രി പിണറായി വിജയന് ആക്കുളത്ത് വന്നിറങ്ങുന്ന നിലയിലാണ് പരിപാടികള്‍ പദ്ധതിയിട്ടിരിക്കുന്നത്. ഇതിനുള്ള അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണ് സിയാല്‍ ഉള്‍പ്പെടെയുള്ളവര്‍.
തിരുവനന്തപുരത്തെ ആക്കുളം മുതല്‍ തൃശ്ശൂരിലെ ചേറ്റുവ വരെയുള്ള 225 കിലോമീറ്റര്‍ വരുന്നതാണ് കമ്മീഷന് ചെയ്യുന്ന നിര്‍ദിഷ്ട ജലപാത. ഗതാഗതം, ടൂറിസം, ചരക്ക് നീക്കം, സാമ്പത്തിക വളര്‍ച്ച എന്നിവ വര്‍ദ്ധിപ്പിക്കുക എന്നതാണ് ഉള്‍നാടന്‍ ജല ഇടനാഴിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. തെക്ക് കോവളം മുതല്‍ വടക്ക് നീലേശ്വരം വരെ നീണ്ടു കിടക്കുന്ന 590 കിലോമീറ്റര്‍ വെസ്റ്റ് കോസ്റ്റ് കനാല്‍ ആണ് പദ്ധതിയുടെ പ്രധാന മാര്‍ഗം. സംസ്ഥാനത്തെ 11 ജില്ലകളിലൂടെയും നിര്‍ദിഷ്ട പാത കടന്നുപോകുന്നണ്ട്.












