ചാനൽ രാജാക്കന്മാരെ വീഴ്ത്തി ന്യൂസ് മലയാളം 24 X 7 ൻറെ മുന്നേറ്റം; മനോരമയെയും മാതൃഭൂമിയെയും പിന്തള്ളി നാലാം സ്ഥാനത്തേക്ക്

ന്യൂസ് ചാനലുകളുടെ ജനപ്രീതി കണക്കാക്കുന്ന ബാർക്ക് റേറ്റിങ്ങിൽ തകർന്നടിഞ്ഞ് മാധ്യമരംഗത്തെ കുലപതികളായ മനോരമയും മാതൃഭൂമിയും. അഞ്ചും ആറും സ്ഥാനത്തേക്കാണ് ഇരുചാനലും യഥാക്രമം വീണിരിക്കുന്നത്. വീണതല്ല, ഇരുവരെയും വീഴ്ത്തിയാണ് പുത്തൻ ചാനലായ ‘ന്യൂസ് മലയാളം 24X7′ നാലാം സ്ഥാനത്തേക്ക് കുതിച്ച് കയറിയത്. 37 .02 പോയിന്റുമായാണ് ഈ ആഴ്ച പുറത്ത് വന്ന ബാർക് റേറ്റിങ് റിപ്പോർട്ടിൽ ന്യൂസ് മലയാളം നാലാം സ്ഥാനത്തേക്ക് എത്തിയത്.
ചാനൽ തുടങ്ങി ഒരു വർഷം പിന്നിട്ട അവസരത്തിലാണ് ന്യൂസ് മലയാളം ഈ നേട്ടത്തിലേക്ക് എത്തുന്നത്. റിപ്പോർട്ടർ ചാനലിൻ്റെ മുഖം മിനുക്കിയ രണ്ടാം വരവോടെ വൻ തിരിച്ചടി നേരിട്ട മനോരമ ന്യൂസ്, പിന്നീട് ഏറെക്കാലം നാലാം സ്ഥാനം നിലനിർത്തിയിരുന്നു. എന്നാൽ അതും ഇപ്പോൾ നഷ്ടപ്പെട്ടിരിക്കുകയാണ്. ഇടക്ക് ഈ സ്ഥാനത്തേക്ക് എത്തിയിരുന്ന മാതൃഭൂമി ചാനലിനെയും ഒറ്റയടിക്ക് പിന്തള്ളിയാണ് പുതിയ ചാനലിൻ്റെ മുന്നേറ്റം.
കുറച്ച് നാൾ റിപ്പോർട്ടർ ചാനൽ ഒന്നാം സ്ഥാനം തുടർച്ചയായി നിലനിർത്തിയ ശേഷം വലിയൊരു തിരിച്ച് വരവാണ് ഇപ്പോൾ ഒന്നാംസ്ഥാനത്തുള്ള ഏഷ്യാനെറ്റ് നടത്തിയത്. ഇപ്പോൾ തുടർച്ചയായി അവർ തന്നെയാണ് ഒന്നാം സ്ഥാനത്തുള്ളത്. ഏഷ്യാനെറ്റ് അടക്കം മിക്ക ചാനലുകളും സർക്കാർവിരുദ്ധ വാർത്തകൾ കൊണ്ട് മുന്നേറുമ്പോൾ, കൃത്യമായ വാർത്തകൾ നൽകിയാണ് ന്യൂസ് മലയാളം സാന്നിധ്യം അറിയിക്കുന്നത്.
ന്യൂസ് മലയാളം ചാനൽ ആദ്യമായി റേറ്റിങ് ചാർട്ടിൽ എത്തുമ്പോൾ തന്നെ ആറാം സ്ഥാനത്തേക്കാണ് എത്തിയത്. അതായത് റേറ്റിംങ് ചാര്‍ട്ടിലുള്ള നാല് മുഴുവന്‍ സമയ മലയാളം ന്യൂസ് ചാനലുകളെ പിന്നിലാക്കിയാണ് ന്യൂസ് മലയാളം അതിന്റെ വരവറിയിച്ചത്. നഗരപ്രദേശങ്ങളിലെ റേറ്റിംഗില്‍ ന്യൂസ് മലയാളം ആറ് ചാനലുകളെ പിന്തള്ളി നാലാമതും എത്തിയിരുന്നു.
അവതാരകരോ അല്ലെങ്കിൽ എഡിറ്റർമാരോ തമ്മില്‍ തര്‍ക്കിക്കുന്നതായി ഭാവിച്ച് കൊണ്ടുള്ള അന്തിച്ചര്‍ച്ചകള്‍ ഒഴിവാക്കി, വാര്‍ത്തകള്‍ക്ക് തന്നെ പ്രഥമ പരിഗണന നല്കുന്ന വാര്‍ത്താശൈലിയാണ് ന്യൂസ് മലയാളത്തിന്റേത്.
2024 മെയ് മാസത്തിൽ സംപ്രേഷണം തുടങ്ങിയ ന്യൂസ് മലയാളം, സത്യസന്ധമായ റിപ്പോര്‍ട്ടിംഗും, ശരിയുടെ പക്ഷത്ത് നിൽക്കുന്ന വിശകലന – വിമർശന പരിപാടികളും കൊണ്ടാണ് ഈ മുന്നേറ്റം നടത്തിയത്. ഇന്ത്യയിലെ ആദ്യത്തെ AR, VR, XR ന്യൂസ് സ്റ്റുഡിയോയില്‍ നിന്നും ടെക്നിക്കലി പെർഫെക്റ്റ് ആയ വിഷ്വൽസും വൈവിദ്ധ്യമാര്‍ന്ന വാര്‍ത്താധിഷ്ടിത പരിപാടികളുമാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്.
വീണ്ടും സ്ഥിരമായി ഒന്നാം സ്ഥാനം നില നിർത്തിയ ഏഷ്യാനെറ്റിന് 88.6 പോയിന്റുകളാണ് നേടാനായത്. സ്ഥിരമായി രണ്ടാം സ്ഥാനത്തുള്ള റിപ്പോർട്ടർ ചാനൽ 68. 38 പോയിന്റുമായി ബഹുദൂരം പിന്നിലാണ്.
ശ്രീകണ്ഠൻ നായരുടെ 24 ന്യൂസ് 54.64 പോയിന്റുമായി മൂന്നാമത് തന്നെയുണ്ട്. അഞ്ചാമതുള്ള മനോരമ ന്യൂസ് നേടിയത് 36.64 പോയിന്റാണ്. തൊട്ടു താഴെ ആറാമതായി വരുന്ന മാതൃഭൂമിക്ക് 34.05 പോയന്റുകളുണ്ട്. 27.42 പോയിന്റുമായി ജനം ടിവി ഏഴാം സ്ഥാനത്ത് ഉള്ളപ്പോൾ. തൊട്ട് താഴെയുള്ള കൈരളി ചാനൽ സ്വന്തമാക്കിയത് 19.38 പോയിന്റാണ്.
വലിയ സെറ്റപ്പുള്ള ചാനലായിട്ടും ന്യൂസ് എയ്റ്റിൻ കേരളക്ക് 12.23 പോയിന്റാണ് കിട്ടിയത്.
പതിവ് പോലെ പ്രത്യേക തരം വാർത്തകളുമായി മീഡിയ വൺ ചാനല അവസാന സ്ഥാനം നില നിർത്തിയിട്ടുണ്ട്. 8.82 പോയിന്റാണ് അവസാന സ്ഥാനക്കാർക്ക് ഉള്ളത്.
പല ചാനലുകളും ബ്രെക്കിങ് എന്ന പേരിൽ, ഫസ്റ്റ് ഓൺ മലയാളം ചാനൽ എന്ന പേരിൽ. ടാങ്കർ ലോറി കയറി കുടിവെള്ള പൈപ്പ് പൊട്ടിയതിൻറെ എക്സ്ക്ലൂസീവ് ദൃശ്യങ്ങൾ പുറത്ത് വിടുകയും, പാകിസ്ഥാൻ വന്ന് ബോംബിട്ട് തകർത്തു എന്ന രീതിയിൽ അലറി വിളിക്കുകയും ചെയ്യുന്നത് പ്രേക്ഷകരിൽ ചിരിയാണ് ഉയർത്തുന്നത്. അമിതാവേശത്തോടെ വാർത്തകൾ വായിച്ച്, തെറ്റുകൾ സ്ഥിരമായി വരുത്തുന്നതും ഈയിടെ പതിവാണ്.
അത്തരം നാലാംകിട പരിപാടികൾ കാണിക്കാതെ, വാർത്തകൾ, അത് അർഹിക്കുന്ന പ്രാധാന്യത്തോടെ പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നതാണ് ശരിയായ മാധ്യമ പ്രവർത്തനം. ആ നേരിന്റെ പാതയിൽ സഞ്ചരിച്ച് നാലാം സ്ഥാനത്തേക്ക് കുതിച്ച് കയറിയ ന്യൂസ് മലയാളത്തിന് അഭിനന്ദനങ്ങൾ.