സപ്ലൈകോയിലെ ഓണക്കാല വരുമാനം 350 കോടിയിലേക്ക്

സപ്ലൈകോയിലെ പ്രതിദിന വില്പന 25 കോടിയിലേക്ക് അടുക്കുന്നു. 50 ലക്ഷത്തിൽ പരം ആളുകൾ സപ്ലൈകോ ഔട്ട്ലെറ്റുകളിൽ എത്തിയെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു. ഇന്ന് വിൽപ്പന നടത്തിയത് 24 കോടിയിലധികം രൂപയുടെ ഉത്പന്നങ്ങൾ. സപ്ലൈകോയുടെ ഓണക്കാലത്തെ വരുമാനം 350 കോടിയിലേക്ക് അടുക്കുന്നു, ഇതുവരെ ഓണക്കാലത്ത് സപ്ലൈകോ നേടിയത് 344.48 കോടി രൂപയെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു. 300 കോടിയുടെ വിൽപ്പനയായിരുന്നു സപ്ലൈകോ ലക്ഷ്യമിട്ടത്. 2024ൽ ഇത് 183 കോടിയായിരുന്നു. ഇന്നലെ മാത്രം 21 കോടി രൂപയുടെ വിൽപ്പനയാണ് നടന്നത്. സർക്കാരിൻ്റെ വിപണി ഇടപെടലിൻ്റെ പ്രയോജനം രണ്ടുകോടിപ്പേരിലെത്തിയെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ പറഞ്ഞു.
സപ്ലൈകോ ബ്രാൻഡായ ശബരിയുടെ ഒരു ലിറ്റർ സബ്ലിഡി വെളിച്ചെണ്ണ 349 രൂപയ്ക്ക് നൽകിയിരുന്നത് ഇപ്പോൾ 339 രൂപയായും സബ്സിഡിയിതര ശബരി വെളിച്ചെണ്ണ 429 രൂപയിൽ നിന്നും 389 രൂപയായും കുറവു വരുത്തിയാണ് വിൽപന നടത്തുന്നത്. ഇതിലൂടെ പൊതുവിപണിയിലെ വെളിച്ചെണ്ണയുടെ വില പിടിച്ചുനിർത്താൻ കഴിഞ്ഞു. വിലയിൽ ഇനിയും കുറവ് വരുത്താൻ സാധിക്കും. മറ്റു ബ്രാൻഡുകളുടെ വെളിച്ചെണ്ണയും എംആർപി യേക്കാൾ കുറഞ്ഞ വിലയ്ക്ക് സപ്ലൈകോ ഔട്ട് ലെറ്റുകളിൽ ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു.