പൊലീസ് സേനക്ക് കളങ്കമുണ്ടാക്കി, സിപിഒ ഉമേഷ് വള്ളിക്കുന്നിനെ പിരിച്ചുവിട്ടു; ഗർഭിണിയെ തല്ലിയവരും, ലക്ഷങ്ങൾ വാങ്ങി പരോൾ നല്കിയവർക്കും സസ്പെൻഷൻ മാത്രം
കേരളാ പൊലീസിലെ സീനിയര്‍ സിപിഒ ഉമേഷ് വളളിക്കുന്നിനെ സേനയിൽ നിന്ന് പിരിച്ചുവിട്ടു. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. പിരിച്ചുവിടാനുളള താല്‍ക്കാലിക തീരുമാനം ആണിപ്പോൾ സ്ഥിരപ്പെടുത്തിയത്. ചട്ടലംഘനം ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്. ആറന്മുള പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിപിഒ ആയിരുന്നു ഉമേഷ്. സമൂഹമാധ്യമങ്ങള്‍ വഴി പൊലീസ് സേനയ്ക്ക് കളങ്കമുണ്ടാക്കി എന്നാരോപിച്ച് നിരവധി തവണ ഉമേഷിനെതിരെ അച്ചടക്ക നടപടിയെടുത്തിരുന്നു.
ആദ്യം പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയിരുന്നു. അത് താല്‍ക്കാലിക നടപടിയായിരുന്നു. അതിന് നല്കിയ മറുപടി തൃപ്തികരമല്ലെന്നാണ് ഇപ്പോളത്തെ പിരിച്ചുവിടല്‍ ഉത്തരവില്‍ പറയുന്നത്. അന്ന് സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയുടെ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. അതിനെ പരിഹസിച്ച് ഉമേഷ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടിരുന്നു. ഇക്കാരണങ്ങള്‍ കൂടി ചൂണ്ടിക്കാട്ടിയാണ് പിരിച്ചുവിടല്‍ നടപടി സ്ഥിരമാക്കി ഉത്തരവിടുന്നത്. പിരിച്ചുവിട്ട നടപടിക്കെതിരെ ഉമേഷിന് 60 ദിവസത്തിനുളളില്‍ അപ്പീലുമായി മേലധികാരികളെ സമീപിക്കാനാകും.
മുപ്പതോളം തവണ പല തരത്തിലുള്ള അച്ചടക്ക നടപടികൾക്കും ഇദ്ദേഹം വിധേയനായിരുന്നു. അതേസമയം പിരിച്ചുവിടൽ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് ഉമേഷ് വള്ളിക്കുന്ന് പ്രതികരിച്ചു. DIG യ്ക്ക് അപ്പീൽ നൽകും. ഉന്നയിച്ച കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നതായും പറഞ്ഞു.
ഉമേഷ് മേലധികാരികളെ വിമർശിച്ചു, അച്ചടക്കം പല തവണ ലംഘിച്ചു എന്നതൊക്കെ ശരിയായിരിക്കാം. പക്ഷെ അയാളെ സർവീസിൽ നിന്നും പിരിച്ച് വിടുമ്പോൾ അതിലും വലിയ പാതകങ്ങൾ നിരന്തരം ചെയ്യുന്നവർ വെറും സസ്പെൻഷനിൽ നിൽക്കുകയാണ്.
ഗർഭിണിയായ യുവതിയുടെ കരണത്തടിച്ച് സസ്പെൻഷനിലായ ആളാണ് എറണാകുളം നോർത്ത് മുൻ എസ്എച്ച്ഒ കെ.ജി.പ്രതാപ ചന്ദ്രൻ. ഇദ്ദേഹത്തിനെതിരെ പരാതികളുടെ പ്രവാഹമാണ് പിന്നീട് ഉണ്ടായത്. പ്രതാപ ചന്ദ്രന്റെ മർദനത്തിനും അസഭ്യവർഷത്തിനും ഇരയായിട്ടുണ്ടെന്ന ഒട്ടറെ പരാതികളാണ് പുറത്തു വരുന്നത്. നിയമവിദ്യാർഥിനി മുതൽ സിനിമ പ്രവർത്തകരും ബസ് ജീവനക്കാരും അടക്കമുള്ളവർ തങ്ങള്‍ക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തുന്നുണ്ട്. ചോദിക്കുന്നതിനു മറുപടി പറഞ്ഞാലും പറഞ്ഞില്ലെങ്കിലും അടി എന്നതാണ് പ്രതാപ ചന്ദ്രന്റെ സ്വഭാവമെന്നാണ് ദുരനുഭവം നേരിട്ടിട്ടുള്ളവർ പറയുന്നത്.
എറണാകുളം നോർത്ത് സിഐ ആയിരിക്കെയാണ് ഇയാൾക്കെതിരായ പരാതികൾ കൂടുതലും ഉള്ളത്. കഴിഞ്ഞ വർഷം ഗർഭിണിയുടെ മുഖത്തടിച്ച കേസും ഇയാൾ നോർത്ത് പൊലീസിൽ ഉള്ളപ്പോഴായിരുന്നു.
അതേപോലെ ജയിലിൽ വഴിവിട്ട ദേഹങ്ങൾ ചെയ്ത് പണം മേടിച്ച ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെ കഴിഞ്ഞ ദിവസമാണ് സസ്പെൻഡ് ചെയ്തത്. പണം വാങ്ങി തടവുകാർക്ക് അനധികൃതമായി സൗകര്യങ്ങൾ ഏർപ്പെടുത്തിക്കൊടുത്തെന്ന പരാതിയിൽ വിജിലൻസ് അന്വേഷണത്തിൽ ഇയാൾ ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തി. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി.
കൈക്കൂലിവാങ്ങി, ടി.പി. വധക്കേസ് പ്രതികളായ കൊടിസുനി, അണ്ണൻ സിജിത്ത് അടക്കമുള്ളവർക്ക് വഴിവിട്ട പരോൾ ഉൾപ്പെടെയുള്ള സഹായങ്ങൾ നൽകിയതായാണ് ആരോപണം. അനധികൃത സ്വത്തു സമ്പാദനത്തിനുപുറമേ അഴിമതിക്കേസിലും വിനോദ് കുമാറിന്റെ പേരിൽ അന്വേഷണം നടക്കുന്നുണ്ട്.
കൊടിസുനി ഒരു ലക്ഷത്തി എമ്പതിനായിരം രൂപയും അണ്ണൻ സിജിത്ത് നാല്പത്തി അയ്യായിരം രൂപയും ഗൂഗിൾപേവഴി ജയിൽ ഡിഐജിക്ക് കൈമാറിയെന്ന് കണ്ടെത്തിയിരുന്നു. നേരിട്ടുവാങ്ങുന്നതിനുപകരം തടവുകാരുടെ ബന്ധുക്കളിൽനിന്നാണ് വിനോദ്കുമാർ പണംവാങ്ങിയിരുന്നത്. അണ്ണൻ സിജിത്തിന്റെ ബന്ധു ഉപയോഗിക്കുന്ന ഫോൺനമ്പറിൽനിന്ന് വിനോദ്കുമാറിന് പണം കൈമാറിയിട്ടുണ്ട്. ഡിഐജിയുടെ ഭാര്യയുടെ അക്കൗണ്ടിലും കൈക്കൂലിപ്പണം സ്വീകരിച്ചിരുന്നു.
എട്ട് തടവുകാരിൽനിന്ന് പണം കൈപ്പറ്റിയതിന് തെളിവുലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഭാര്യയുടെ അക്കൗണ്ടിൽ 40 ലക്ഷം രൂപയാണുള്ളത്. ഇത് അനധികൃതമായി സമ്പാദിച്ചതാണോയെന്നും പരിശോധിക്കുന്നുണ്ട്.
ഇവരൊക്കെ സസ്പെൻഷനിൽ നിൽക്കുമ്പോളാണ് ഉമേഷ് വള്ളിക്കുന്നിന്റെ പിരിച്ച് വിടുന്നത്. സമൂഹ മാധ്യമങ്ങൾ വഴി പോലീസ് സേനക്ക് കളങ്കമുണ്ടാക്കി എന്നതാണ് ഇദ്ദേഹം ചെയ്ത കുറ്റം.













