കേരളത്തെ ഞെട്ടിച്ച ഉത്ര വധക്കേസ് പുസ്തകമാക്കി; എഴുതിയത് മുൻ ഉത്തരാഖണ്ഡ് ഡിജിപിയും മകനും
ഉത്ര വധക്കേസ് അന്വേഷണം പുസ്തകമായി വായനക്കാരിലേക്ക് എത്തുന്നു. ഒരു മലയാള മാദ്ധ്യമമാണ് ഇത് സംബന്ധിച്ച് വിവരം പുറത്തുവിട്ടത്.
മുൻ ഉത്തരാഖണ്ഡ് ഡിജിപി അലോക് ലാലും മകൻ മനാസ് ലാലും ചേർന്നാണ് പുസ്തകം എഴുതിയത്. ‘ഫാംഗ്സ് ഒഫ് ഡെത്ത്’ എന്ന പേരിലാണ് പുസ്തകം പുറത്തിറങ്ങിയിരിക്കുന്നത്.
2020 മേയ് ഏഴിന് രാവിലെ എട്ടോടെയാണ് അഞ്ചല്‍ ഏറം സ്വദേശിയായ ഉത്രയെ സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ മൂർഖൻ പാമ്ബിന്റെ കടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്.സ്വത്ത് തട്ടിയെടുത്ത ശേഷം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ ഭർത്താവ് സൂരജ് മൂർഖൻ പാമ്ബിനെക്കൊണ്ട് കടിപ്പിച്ചുകൊല്ലുകയായിരുന്നു. നിർണായകമായ മൊഴി നല്കിയ പാമ്ബുപിടുത്തക്കാരൻ സുരേഷിനെ മാപ്പുസാക്ഷിയാക്കി. 87 സാക്ഷികളും 288 രേഖകളും 40 തൊണ്ടിമുതലുകളുമാണ് കേസിലുള്ളത്.
പാമ്ബുപിടുത്തക്കാരനായ സുരേഷിന്റെ കൈയില്‍ നിന്നാണ് സൂരജ് മൂർഖനെ വാങ്ങിയത്. ഇതിന് മുൻപ് അടൂർ പറക്കോട്ടുള്ള സൂരജിന്റെ വീട്ടില്‍ വച്ച് അണലിയെക്കൊണ്ട് ഉത്രയെ കടിപ്പിച്ചിരുന്നു. ഇതിന്റെ ചികിത്സയ്ക്ക് ശേഷം ഉത്ര വിശ്രമിക്കുമ്ബോഴായിരുന്നു മൂർഖനെ ഉപയോഗിച്ചുള്ള കൊലപാതകം.
ഉത്രയെ ജനലിലൂടെ വീടിനുളളില്‍ കയറിയ മൂര്‍ഖന്‍ കടിച്ചു എന്നായിരുന്നു സൂരജ് പറഞ്ഞത്. വീട്ടുകാര്‍ക്കോ ബന്ധുക്കള്‍ക്കോ ആദ്യം സംശയമൊന്നും തോന്നിയിരുന്നില്ല. എന്നാല്‍ ഉത്രയുടെ മരണാനന്തര ചടങ്ങുകളിലെ സൂരജിന്റെ അമിതാഭിനയം ഉത്രയുടെ ബന്ധുക്കളില്‍ സംശയം ജനിപ്പിച്ചു.
മരണത്തിലെ ദുരൂഹത സംബന്ധിച്ച് ഉത്രയുടെ സഹോദരൻ അഞ്ചല്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. പക്ഷേ അന്വേഷണം കാര്യമായി നടന്നില്ല. ഉത്രയ്ക്ക് നല്കിയ സ്വർണവും പണവും കുഞ്ഞിന്റെ പേരിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ സൂരജ് പ്രകോപിതനായി പിണങ്ങിപ്പോയി. ഇതോടെ ഉത്രയുടെ ബന്ധുക്കളുടെ സംശയം കൂടിയത്.
2020 മേയ് 21 ന് ഉത്രയുടെ വീട്ടുകാർ മരണത്തില്‍ ദുരൂഹത ആരോപിച്ച് പൊലീസില്‍ പരാതി നല്കി. തൊട്ടടുത്ത ദിവസം റൂറല്‍ എസ് പി ഹരിശങ്കറിനെയും പരാതിയുമായി സമീപിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.