ബീവറേജ് ഷോപ്പിൽ ഉള്ളവരുടെ ധാർഷ്ട്യവും, നാട്ടുകാരുടെ പുശ്ചവും കാണേണ്ട കാര്യമില്ല; വീട്ടിലിരുന്ന് ഇനി മദ്യം വാങ്ങാം, ഡെലിവറിക്കായി ഒരുങ്ങി സ്വിഗ്ഗിയും

സംസ്ഥാനത്ത് ഓണ്‍ലൈനിലൂടെ മദ്യം വിൽക്കുന്നതിനുള്ള തീരുമാനവുമായി ബെവ്കോ മുന്നോട്ട് വന്നിരിക്കുകയാണ്. ഇതുസംബന്ധിച്ച വിശദമായ ശുപാര്‍ശ ബെവ്കോ എംഡി ഹര്‍ഷിത അട്ടല്ലൂരി സര്‍ക്കാരിന് സമര്‍പ്പിച്ചു. വരുമാന വര്‍ധനവ് ലക്ഷ്യമിട്ടാണ് ഓണ്‍ലൈനിലൂടെ നിബന്ധനകള്‍ക്ക് വിധേയമായി ബെവ്കോ ഇപ്പോൾ മദ്യവിൽപ്പനക്കൊരുങ്ങുന്നത്.
ഓണ്‍ലൈൻ മദ്യവിൽപ്പനയ്ക്കായി ബെവ്കോ ഒരു മൊബൈൽ ആപ്ലിക്കേഷനും തയ്യാറാക്കിയിട്ടുണ്ട്. സ്വിഗ്ഗിയടക്കമുള്ള ഓണ്‍ലൈൻ ഡെലിവറി പ്ലാറ്റ്ഫോമുകള് ഈ വിഷയത്തിൽ താത്പര്യം അറിയിച്ച് മുന്നോട്ടു വന്നിട്ടുണ്ടെന്നാണ് ബെവ്കോ എംഡി ഹര്‍ഷിത അട്ടല്ലൂരി വ്യക്തമാക്കുന്നത്. ഇതേപോലെ മൂന്നുവര്‍ഷം മുമ്പും, സര്‍ക്കാരിനോട് ഓണ്‍ലൈൻ മദ്യവിൽപ്പനയ്ക്ക് അനുമതി തേടിയിരുന്നു. എന്നാൽ, അന്ന് സര്‍ക്കാര്‍ അനുമതി നൽകിയിരുന്നില്ല.
23വയസിന് മുകളിലുള്ളവര്‍ക്കായിരിക്കും ഓണ്‍ലൈനിൽ മദ്യം വാങ്ങാൻ കഴിയുക. മദ്യം നൽകുന്നതിന് മുമ്പ് പ്രായം തെളിയിക്കുന്ന രേഖ നൽകണം. ഓണ്‍ലൈൻ മദ്യവിൽപ്പനയ്ക്ക് പുറമെ വീര്യം കുറഞ്ഞ മദ്യം പുറത്തിറക്കണമെന്നും ബെവ്കോ ശുപാര്‍ശ നൽകിയിട്ടുണ്ട്. മദ്യവിൽപ്പന വര്‍ധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം. കേരളത്തിൽ എത്തുന്ന വിനോദ സഞ്ചാരികളടക്കം വീര്യം കുറഞ്ഞ മദ്യം വേണമെന്ന നിര്‍ദേശം മുന്നോട്ടു വെച്ചിട്ടുണ്ടെന്നാണ് ബെവ്കോ അധികൃതര്‍ വ്യക്തമാക്കുന്നത്. കൂടാതെ വിദേശ നിര്‍മിത ബിയര്‍ വിൽപ്പനയും അനുവദിക്കണമെന്ന് ബെവ്കോ ആവശ്യപ്പെട്ടിട്ടുണ്ട്.
ഓൺലൈനിൽ മദ്യം നൽകുന്നതിന് മുമ്പ് പ്രായം തെളിയിക്കുന്ന രേഖ നൽകണമെന്നാണ് വ്യവസ്ഥ. മദ്യം വാങ്ങുന്നയാൾ 23വയസിന് മുകളിൽ പ്രായമുള്ളവർ ആയിരിക്കണം. ഇതെല്ലം സംബന്ധിച്ച വിശദമായ അപേക്ഷയാണ് ബെവ്കോ എംഡി ഹര്‍ഷിത അട്ടല്ലൂരി സര്‍ക്കാരിന് നൽകിയിട്ടുള്ളത്. ഓൺലൈൻ വില്പനക്കായുള്ള പുതിയ ആപ്പ് വികസിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും, 10 ദിവസത്തിനുള്ളിൽ ഇത് പൂർത്തിയാകുമെന്നും ഹർഷിത അട്ടല്ലൂരി പറയുന്നു.
കേരളത്തിലെ മദ്യവിൽപ്പനശാലകളുടെ എണ്ണക്കുറവ് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്നും ബെവ്കോ എം.ഡി പറഞ്ഞു. തമിഴ്നാട്ടിൽ 4700 ചില്ലറ മദ്യവിൽപ്പനശാലകളുണ്ട്. എന്നാൽ കേരളത്തിൽ ഏകദേശം 300 മദ്യശാലകൾ മാത്രമേയുള്ളൂ. കേരളത്തിന്റെ ജനസംഖ്യ പരിഗണിച്ച് ഏകദേശം 2000 മദ്യശാലകൾ ആവശ്യമാണെങ്കിലും കുറഞ്ഞത് 1000 എണ്ണമെങ്കിലും ഉണ്ടെങ്കിൽ ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് വലിയൊരളവിൽ പരിഹാരമാകും എന്നാണ് എം ഡി പറയുന്നത്.
176 പുതിയ മദ്യഷോപ്പുകൾ തുടങ്ങാൻ സർക്കാർ അനുവാദം നൽകിയിട്ടുണ്ട്. നേരത്തെ വിവിധ കാരണങ്ങളാൽ അടച്ചുപൂട്ടിയ 60-ഓളം ഷോപ്പുകളുടെ ലൈസൻസുകൾ നിലവിലുണ്ട്. എന്നാൽ പുതിയ മദ്യശാലകൾ തുറക്കുന്നതിന് പല ബുദ്ധിമുട്ടുകളുമുണ്ട്. ജനങ്ങളുടെ എതിർപ്പാണ് ഇതിൽ പ്രധാനം. പലയിടങ്ങളിലും കടകൾക്ക് കെട്ടിടം വാടകയ്ക്ക് നൽകാൻ പോലും ആളുകൾ തയ്യാറാകാത്ത സാഹചര്യമാണെന്നും ബെവ്കോ എം.ഡി വ്യക്തമാക്കി.
ഇതിനെല്ലാം പരിഹാരമാണ് ഓൺലൈൻ കച്ചവടം. ബിവറേജിൽ പോയി അവിടെ ഇരിക്കുന്നവന്റെ ധാർഷ്ട്യം കാണേണ്ട അവസ്ഥയിൽ നിന്നും ഒഴിവാകുകയും ചെയ്യാം. പബ്ലിക്കായി, വെയിലത്ത് ക്യൂ നിൽക്കാതെ മദ്യം വാങ്ങാം. ഇത്രയേറെ പുരോഗമനം പറഞ്ഞായാലും ഇപ്പോളും മദ്യം വാങ്ങാനുള്ള ക്യൂവിൽ നിൽക്കുന്നവരെ പുശ്ചത്തോട് തന്നെ നോക്കുന്നവരാണ് മിക്കവാറും ആളുകൾ.