ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്കുന്നതില് തെറ്റില്ല; ശിവഗിരി മഠാധിപതി
ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്കുന്നതില് യാതൊരു തെറ്റുമില്ലെന്ന് പറയുകയാണ് ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗുരു നിത്യചൈതന്യ യതി അത്തരം ഒരു നിര്‍ദേശം മുന്നോട്ട് വച്ചിരുന്നു. ആ നിര്‍ദേശത്തെയാണ് ഇന്നും ശിവഗിരി മഠം പിന്തുടരുന്നത്. ശബരിമല വിഷയത്തില്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം തേടിയെന്ന വാര്‍ത്ത പരാമര്‍ശിച്ചായിരുന്നു ശിവഗിരി മഠാധിപതിയുടെ പരാമര്‍ശം. ശിവഗിരി തീര്‍ഥാടനത്തോട് അനുബന്ധിച്ചു നടത്തിയ പരിപാടിയിലാണ് സ്വാമി സച്ചിദാനന്ദ നിലപാട് വ്യക്തമാക്കിയത്.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ യേശുദാസിന് പ്രവേശനമില്ല. അദ്ദേഹം ഹിന്ദുവല്ല എന്നാണ് പറയുന്നത്. യേശുദാസിനേക്കാള്‍ നല്ല ഹിന്ദു ആരാണ് ഉള്ളത് എന്നും സ്വാമി സച്ചിദാനന്ദ ചോദിക്കുന്നു. ഇന്നും തുടരുന്ന മാമൂലുകള്‍, അനാചാരങ്ങള്‍, അന്ധവിശ്വാസങ്ങള്‍ എന്നിവയെല്ലാം രാജ്യത്ത് നിന്നും ഇല്ലാതാകേണ്ടതുണ്ട്. അതിന് വേണ്ടി ശ്രീനാരായണ ഗുരുവിന്റെ ഭക്തര്‍ പ്രവര്‍ത്തിക്കണം. ഗുരുവിന്റെ ദര്‍ശനങ്ങള്‍ക്ക് കാലിക പ്രസക്തിയുണ്ട്. കേരളത്തില്‍ ഇന്നും അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തുടരുകയാണ്. ഒരു യുവതി ഗുരുവായൂര്‍ ക്ഷേത്രത്തിലെ കുളത്തില്‍ നിന്നും കാല് കഴുകിയപ്പോള്‍ അയിത്തം കല്‍പ്പിച്ച് മാറ്റി നിര്‍ത്തി. ഇത്തരം പ്രവണതകള്‍ ഇല്ലാതാകേണ്ടതുണ്ടെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.












