അഞ്ചുതെങ്ങിൽ വളളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു
തിരുവനന്തപുരത്തെ അഞ്ചുതെങ്ങിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. അഞ്ച് തെങ്ങു സ്വദേശി ബാബുവാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ട് പേർ നീന്തി കരയിലെത്തി. ബാബുവിന്റെ മൃതദേഹം ചിറയിൻ കീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലർച്ചെയാണ് സംഭവം. മീൻപിടിക്കാൻ പോയ പ്രിൻസ് എന്ന വള്ളം തിരയിൽപെട്ട് മറിഞ്ഞാണ് അപകടം ഉണ്ടായത്.
ശക്തമായ കാറ്റും മഴയുമാണ് വള്ളം മറിയാൻ കാരണമെന്നാണ് പൊലീസ് പറയുന്നത്. പരക്കെ മഴയ്ക്കൊപ്പം കാറ്റിനും സാദ്ധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്കും ജാഗ്രതാ നിർദേശം നൽകിയിരുന്നു.
കേരളത്തിൽ ഇന്നും കനത്ത മഴ തുടരുമെന്ന് കലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്കി. വരുന്ന 24 മണിക്കൂറിനുള്ളിൽ 204.5 mm ൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ഇത് തീവ്രമഴയായാണ് പരിഗണിക്കുന്നത്. ഏതാനും ദിവസങ്ങളായി മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ തീരപ്രദേശങ്ങൾ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
Content Highlight: Fisherman dies as boat capsized at Anjuthengu, Thiruvananthapuram.