മുഖ്യമന്ത്രിയ്ക്കെതിരായ വിമാനത്തിലെ പ്രതിഷേധം: സിസിടിവി ക്യാമറകൾ പ്രവർത്തിക്കുന്നില്ലെന്ന് ഇൻഡിഗോ
മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയ വിമാനത്തിലെ സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമായിരുന്നെന്ന് വിമാന സേവനക്കമ്പനിയായ ഇൻഡിഗോ. ഹൈക്കോടതിയെ ആണ് ഇൻഡിഗോ ഇക്കാര്യം അറിയിച്ചത്. ഇൻഡിഗോ 6ഇ 7407 വിമാനത്തിലായിരുന്നു പ്രതിഷേധം നടന്നത്.
പ്രതികളായ മട്ടന്നൂർ സ്വദേശി ഫർസീൻ മജീദ് (27), പട്ടാനൂർ സ്വദേശി ആർ.കെ.നവീൻ (37) മൂന്നാം പ്രതി സുനിത് നാരായണൻ എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് സിസിടിവി ദൃശ്യങ്ങൾ സംബന്ധിച്ച് കോടതി ചോദിച്ചത്. കൊലപാതകശ്രമമുൾപ്പടെയുള്ള ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധവകുപ്പുകളും വ്യോമയാന നിയമങ്ങളും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്.
എന്നാൽ തങ്ങൾ മുഖ്യമന്ത്രിയെ ആക്രമിച്ചിട്ടില്ലെന്നും പകരം ‘യൂത്ത് കോൺഗ്രസ് സിന്ദാബാദ്’ തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തുക മാത്രമാണ് ചെയ്തതെന്നും പ്രതികൾ വാദിച്ചു. ഇപി ജയരാജൻ തങ്ങളെ ആക്രമിച്ചെന്നും ഈ ആക്രമണത്തിൽ തങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റെന്നും പ്രതികൾ ആരോപിച്ചു.
മുദ്രാവാക്യം മുഴക്കിയതിലൂടെ ആരുടെയും ഔദ്യോഗിക കൃത്യനിർവഹണത്തെ തടസ്സപ്പെടുത്തുകയോ വിമാനത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയുയർത്തുകയോ ചെയ്തിട്ടില്ലെന്ന് പ്രതികൾ അവകാശപ്പെട്ടു. ‘പ്രതിഷേധക്കാർ ഒരു ഔദ്യോഗിക കൃത്യവും തടഞ്ഞിട്ടില്ലെ’ന്നുളള സുരക്ഷാ ഉദ്യോഗസ്ഥന്റെ പ്രസ്താവന ഇക്കാര്യം സ്ഥിരീകരിക്കുന്നതായും അവർ അവകാശപ്പെട്ടു. അതേസമയം, പ്രതിഷേധം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടിഎ ഷാജി വാദിച്ചു.
ജൂൺ 13 നാണ് കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനത്തിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയന് നേരേ പ്രതിഷേധമുയർത്തിയത്. വിമാനം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോൾ സമരക്കാർ മുഖ്യമന്ത്രിക്ക് നേരെ നീങ്ങിയെന്നും ഇപി ജയരാജൻ അവരെ തള്ളിമാറ്റിയെന്നും ഇൻഡിഗോ എയർലൈൻസ് അധികൃതർ നേരത്തെ പോലീസിനോട് പറഞ്ഞിരുന്നു.