ആരോഗ്യമന്ത്രിയുടെ കരച്ചിൽ ഗ്ലിസറിന്‍ തേച്ചാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
വനിതാ ഡോക്ടർ വന്ദനാ ദാസിന്റെ മാതാപിതാക്കളുടെ മുന്നില്‍ മന്ത്രി വീണാ ജോര്‍ജ് കരഞ്ഞത് ഗ്ലിസറിന്‍ തേച്ചാണെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. മന്ത്രിയുടേത് കഴുതക്കണ്ണീരാണ് ആണെന്നും, ആര് മരിച്ചാലും തനിക്ക് ഭരിക്കണമെന്നതാണ് മുഖ്യമന്ത്രിയുടെ നിലപാടെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി. ആഭ്യന്തര വകുപ്പിന്റെ വീഴ്ചയില്‍ പ്രതിഷേധിച്ച് കോട്ടയത്ത് എസ്പി ഓഫീസിലേക്ക് നടത്തിയ കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“വന്ദനയുടെ വീട്ടില്‍ രണ്ടു കൈയ്യും കൂപ്പി തൊഴുത് നില്‍ക്കുകയാണ് വീണ ജോര്‍ജ്. അവര്‍ കണ്ണില്‍ കൈയെടുത്തു വെച്ചപ്പോള്‍ ഗ്ലിസറിന്‍ വെച്ചുതന്നെയാണ് അവരുടെ കണ്ണുനീര് വന്നതെന്ന് എനിക്ക് ബോധ്യപ്പെട്ടു. ആ കേസ് ദുര്‍ബലപ്പെടുത്തുന്നതിനുവേണ്ടിയുള്ള പരസ്യപ്രസ്താവന നടത്തിയതിനു ശേഷം അച്ഛന്റെയും അമ്മയുടെയും മുന്നില്‍ കണ്ണീര് കാണിച്ചിട്ട് വല്ല കാര്യവുമുണ്ടോ? ഇതിനെയാണ് കഴുതക്കണ്ണീര് എന്ന് പച്ചമലയാളത്തില്‍ ജനങ്ങള്‍ പറയുന്നത്. ഇത് ജനങ്ങളെ കബളിപ്പിക്കാനാണ്, തിരുവഞ്ചൂര്‍ പറഞ്ഞു.