ഇത്തവണ രണ്ട് ജില്ലകള്‍ പിടിക്കാൻ ബിജെപി പയറ്റുന്നത് മറ്റൊരു തന്ത്രം, ആദ്യഘട്ടം വിജയം
പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളിലാണ് ബി.ജെ.പി. കഠിനാധ്വാനം ചെയ്താല്‍ കേരളത്തില്‍ അഞ്ചോ ആറോ സീറ്റുകളില്‍ വിജയിക്കാമെന്നാണ് പാര്‍ട്ടി സംസ്ഥാന, ദേശീയ നേതൃത്വങ്ങളുടെ വിലയിരുത്തല്‍. അത് വെറും സ്വപ്നം മാത്രമാണെന്ന് ഇടതു, വലതു പക്ഷങ്ങള്‍ പറയുമ്പോളും അട്ടിമറിക്കുള്ള എല്ലാ തന്ത്രങ്ങളും പുറത്തെടുക്കുകയാണ് ബി.ജെ.പി എന്ന പാർട്ടി. വിജയ പ്രതീക്ഷയുള്ള മണ്ഡലങ്ങളിലൊന്നാണ് പത്തനംതിട്ട. മൂന്ന് ലക്ഷത്തോളം വോട്ടുകളും ഇരുപത്തിയൊൻപത് ശതമാനം വോട്ടര്‍മാരുടെ പിന്തുണയുമായി ബി.ജെ.പി കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ അവിടെ ശക്തി തെളിയിച്ചിരുന്നു.
പക്ഷെ, കഴിഞ്ഞ തവണ ലഭിച്ച വോട്ടുകള്‍ ഇത്തവണ കിട്ടുമെന്ന് ഉറപ്പില്ലെന്ന് ബി.ജെ.പി നേതാക്കള്‍ക്ക് അറിയാം. സംസ്ഥാന പ്രസിഡന്റായ കെ. സുരേന്ദ്രൻ ശബരിമല പ്രക്ഷാേഭ കാലത്ത് ഉണര്‍ത്തിവിട്ട ഹൈന്ദവ വികാരം ഏതാണ്ട് കെട്ടടങ്ങിയിട്ടുണ്ട്. എങ്കിലും അടിസ്ഥാന ഹിന്ദുവോട്ടുകള്‍ ബി.ജെ.പിക്ക് ഒപ്പം നില്‍ക്കുമെന്നാണ് കണക്കുകൂട്ടല്‍. വിജയ പ്രതീക്ഷ പുലര്‍ത്തണമെങ്കില്‍ മറ്റെന്തെങ്കിലും തരത്തില്‍ വോട്ടു ധ്രുവീകരണം നടക്കണം. നവകേരള സദസുമായി മന്ത്രിസഭാ ബസ് എത്തിയത് ജനങ്ങള്‍ക്കിടയില്‍ വലിയ ഓളങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നാണ് എല്‍.ഡി.എഫ് കണക്കുകൂട്ടല്‍. കേന്ദ്രസര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളുമായി വികസിത് ഭാരത സങ്കല്പ്പ യാത്ര ഓരോ പഞ്ചായത്തുകളിലുമെത്തിയെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയില്ലാത്തതും ബി.ജെ.പി ഇതര പഞ്ചായത്തുകളുടെ ഭരണസമിതികളുടെ സഹകരണക്കുറവും കാരണം നാട്ടിൻപുറങ്ങളില്‍ വലിയ ചര്‍ച്ചയാകാതെ പോയി. മോദി സര്‍ക്കാരിന്റെ വികസന പദ്ധതികളുടെ നേട്ടങ്ങള്‍ ലഭിച്ച ഗുണഭോക്താക്കളെ നേരില്‍ കണ്ട് ബി.ജെ.പിക്ക് പിന്തുണ തേടിയിരിക്കുകയാണ് നേതാക്കള്‍. പാര്‍ട്ടി പ്രതീക്ഷിക്കുന്ന പിന്തുണ അവരില്‍ നിന്ന് ലഭിക്കുമെന്ന് ഉറപ്പില്ല. അതുകൊണ്ടാണ് പുതിയ ചില തന്ത്രങ്ങള്‍ ബി.ജെ.പി നേതാക്കള്‍ പയറ്റുന്നത്. അതില്‍ പ്രധാനപ്പെട്ട ഒന്ന് ബി.ജെ.പിയുടെ രാഷ്ട്രീയ എതിരാളികളെ അമ്ബരിപ്പിച്ചിരിക്കുകയാണ്. ക്രൈസ്തവ വിഭാഗങ്ങളുമായി ബി.ജെ.പി കൂടുതല്‍ അടുക്കുന്നതിന്റെ ഭാഗമായി ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളുമായി ബന്ധപ്പെട്ട് പത്തനംതിട്ടയില്‍ നടത്തിയ സ്നേഹസംഗമത്തിന്റെ വേദിയില്‍ ഓര്‍ത്തഡോക്സ് സഭ വലിയ മെത്രാപ്പൊലീത്ത കുര്യക്കോസ് മാര്‍ ക്ളിമ്മീസിനെ എത്തിക്കാനായത് പാര്‍ട്ടിയുടെ വലിയ രാഷ്ട്രീയ വിജയമായി മാറി. എതിരാളികളായ കോണ്‍ഗ്രസിനെയും സി.പി.എമ്മിനെയും ഇതു ഞെട്ടിച്ചിരിക്കുകയാണ്. അതീവ രഹസ്യമായി ബി.ജെ.പി നടത്തിയ ഓപ്പറേഷനില്‍ ഒട്ടേറെ ഓര്‍ത്തഡോക്സ് സഭാ നേതാക്കളും കുടുംബാംഗങ്ങളും സ്നേഹ സംഗമത്തില്‍ പങ്കെടുത്തു. ഓര്‍ത്തഡോക്സ് സഭ നിലയ്ക്കല്‍ ഭദ്രാസനം സെക്രട്ടറി ഫാ. ഷൈജു കുര്യൻ ചടങ്ങില്‍ വച്ച് ബി.ജെ.പി അംഗത്വം സ്വീകരിക്കുകയും ചെയ്തു. ക്രിസ്തീയ വിശ്വാസികളായ നാല്‍പ്പത്തിയേഴു ആളുകളും ബി.ജെ.പിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി വി. മുരളീധരനാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്.
ഇടതു, വലതു മുന്നണികളുടെ സ്ഥാനാര്‍ത്ഥികള്‍ ക്രിസ്ത്യൻ വിഭാഗങ്ങളില്‍ നിന്നാകുമെന്നാണ് പ്രചരിക്കുന്നത്. ഇതുവരെ ഹിന്ദു സ്ഥാനാര്‍ത്ഥികളെ പരിഗണിച്ച ബി.ജെ.പി, സഭകളുടെ പിന്തുണ ലഭിക്കുന്ന സാഹചര്യത്തില്‍ ക്രിസ്ത്യൻ സ്ഥാനാര്‍ത്ഥിയെ തന്നെ നിറുത്തിയേുക്കമെന്ന് അഭ്യൂഹങ്ങളുണ്ട്. അങ്ങനെയുണ്ടായാല്‍ ഹിന്ദു, ക്രിസ്ത്യൻ വിഭാഗങ്ങളുടെ പിന്തുണയോടെ ബി.ജെ.പിക്ക് വലിയ മുന്നേറ്റം പ്രതീക്ഷിക്കാം.