തൃക്കാക്കര ഉപതെരെഞ്ഞെടുപ്പ് മേയ് 31ന്; വോട്ടെണ്ണൽ ജൂൺ 3ന്
തൃക്കാക്കര നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് മെയ് 31ന് നടത്തുമെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടെണ്ണൽ ജൂൺ മൂന്നിനാണ്. കഴിഞ്ഞ വെള്ളിയാഴ്ച ചേർന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗത്തിലാണ് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് കാലവർഷം കനക്കുന്നതിന് മുൻപേ തെരഞ്ഞെടുപ്പ് നടത്തണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു.
പി ടി തോമസിന്റെ നിര്യാണത്തെ തുടർന്ന് ഒഴിവു വന്ന തൃക്കാക്കര നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് യു ഡി എഫിനും എൽ ഡി എഫിനും നിർണായകമാണ്. രണ്ട് മുന്നണികളും കരുത്തരായ സ്ഥാനാർഥികളെ നിർത്തി മണ്ഡലത്തിൽ ശക്തിതെളിയിക്കാനുള്ള ഒരുക്കത്തിലാണ്. നിലവിൽ യു ഡി എഫിന് മേൽക്കൈയുള്ള മണ്ഡലമാണ് തൃക്കാക്കര. മണ്ഡല രൂപീകരണത്തിന് ശേഷം ഒരിക്കൽ പോലും യു ഡി എഫിന് തൃക്കാക്കരയിൽ മറിച്ച് ചിന്തിക്കേണ്ടി വന്നിട്ടില്ല. കഴിഞ്ഞ വർഷത്തെ എൽ ഡി എഫ് തരംഗത്തിൽ പോലും തൃക്കാക്കര യു ഡി എഫിനൊപ്പമായിരുന്നു.
കൊച്ചി കോർപറേഷനിലെ 23 ഡിവിഷനുകളും തൃക്കാക്കര നഗരസഭയും അടങ്ങുന്നതാണ് തൃക്കാക്കര നിയോജക മണ്ഡലം. ചില പ്രാദേശിക നേതാക്കളുടെ പേരിനൊപ്പം പി ടി തോമസിന്റെ ഭാര്യ ഉമാ തോമസിന്റെ പേരും പരിഗണനയിലുണ്ട്.
എൽ ഡി എഫും ശക്തമായ സ്ഥാനാർഥിയെ നിർത്താനുള്ള ശ്രമത്തിലാണ്.ബി ജെ പിയും മണ്ഡലത്തിലെ ശക്തിതെളിയിക്കാനുള്ള പോരാട്ടത്തിലാണ്. 20-20 ക്ക് സ്വാധീനമുള്ള തൃക്കാക്കരയിൽ അവരുടെ നിലപാടും നിർണായകമാണ്.
Content Highlight: Thrikkakkara byelection