തൃപ്പൂണിത്തുറയില് പാലത്തില് ബൈക്കിടിച്ച് യുവാവ് മരിച്ച സംഭവം; കരാറുകാരനെതിരെ മനപൂര്വമല്ലാത്ത നരഹത്യക്ക് കേസെടുക്കാന് നിര്ദേശിച്ച് മന്ത്രി
തൃപ്പൂണിത്തുറയില് പണി പൂര്ത്തിയാകാത്ത പാലത്തില് ബൈക്കിടിച്ച് യുവാവ് മരിച്ച സംഭവത്തില് കരാറുകാരനെതിരെ കേസെടുക്കും. മനപൂര്വമല്ലാത്ത നരഹത്യക്ക് കേസെടുക്കാന് നിര്ദേശിച്ചതായി പൊതുമരാമത്ത് വകുപ്പു മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. തെറ്റു ചെയ്തവരെ ഒരുകാരണവശാലും സംരക്ഷിക്കില്ല. ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
തൃപ്പൂണിത്തുറ മാര്ക്കറ്റ്-പുതിയകാവ് റോഡിലാണ് അപകടമുണ്ടായത്. അന്ധകാരത്തോടിന് കുറുകെ നിര്മിക്കുന്ന പാലം നിര്മാണം പൂര്ത്തിയാകാതെ കിടക്കുകയാണ്. ഇരുവശവും റോഡുമായി ബന്ധിപ്പിച്ചിട്ടില്ലാത്തതിനാല് പാലത്തിനും റോഡിനുമിടയില് വലിയ ഗര്ത്തം രൂപപ്പെട്ടിട്ടുണ്ട്. പുലര്ച്ചെ ബൈക്കിലെത്തി യുവാക്കള് പാലത്തില് ഇടിച്ചു കയറുകയായിരുന്നു. സംഭവത്തില് ഏരൂര് സ്വദേശി വിഷ്ണു മരിച്ചു. വിഷ്ണുവിനൊപ്പമുണ്ടായിരുന്ന ആദര്ശിന് പരിക്കേറ്റു.
മാസങ്ങളായിട്ടും പൂര്ത്തിയാകാത്ത പാലത്തില് വാഹനങ്ങള് പ്രവേശിക്കാതിരിക്കാന് സുരക്ഷാ സംവിധാനങ്ങള് വേണ്ടരീതിയില് ഒരുക്കിയിരുന്നില്ലെന്ന് പരാതിയുണ്ട്. രണ്ടു വീപ്പകള് മാത്രമാണ് റോഡില് വെച്ചിരുന്നത്. അപകടത്തില്പ്പെട്ട യുവാക്കള് കുഴിയിലായിരുന്നു വീണു കിടന്നത്. സമീപത്തെ പച്ചക്കറിക്കടയിലെ ജീവനക്കാര് അറിയിച്ചതിനെ തുടര്ന്ന് പോലീസ് എത്തിയാണ് ഇവരെ ആശുപത്രിയിലാക്കിയത്.
Content Highlights: PWD, Bridge, Accident, Thrippunithura