സുരേഷ്ഗോപിക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് പരാതി; വോട്ട് കൃത്രിമത്തിൽ തൃശൂരിലെ എം പി സ്ഥാനവും മന്ത്രിപദവിയും നഷ്ടമാകുമോ??

തൃശൂര്‍ പാർലമെന്റ് മണ്ഡലത്തിലെ വോട്ടര്‍ പട്ടിക ക്രമക്കേടില്‍ ജില്ലാ പൊലീസ് കമ്മീഷണര്‍ക്ക് കോൺഗ്രസ്സ് പരാതി നല്കി. നിയമവിരുദ്ധമായാണ് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി വോട്ട് ചേര്‍ത്തതെന്നും ക്രിമിനല്‍ കേസ് എടുക്കണമെന്നും കോണ്‍ഗ്രസിന്റെ പരാതിയില്‍ പറയുന്നു.
മണ്ഡലത്തില്‍ ആറ് മാസമായി സ്ഥിരതാമസം ആണെന്ന് വ്യാജസത്യവാങ്മൂലം നല്‍കിയാണ് സുരേഷ് ഗോപി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തതെന്ന് ടിഎന്‍ പ്രതാപന് പറഞ്ഞു. തിരുവനന്തപുരത്തു സ്ഥിര താമസക്കാരനായ സുരേഷ് ഗോപി വ്യാജ സത്യപ്രസ്താവന ഉൾപടെ ബോധിപ്പിച്ച് നിയമവിരുദ്ധ മാർഗ്ഗത്തിലൂടെയാണ് തൃശൂർ നിയമസഭാ മണ്ഡ ത്തിലെ 115 ആം നമ്പർ ബൂത്തിൽ വോട്ട് ചേർത്തത്.
നിയമം അനുസരിച്ച് സ്ഥിര താമസക്കാരനായ വ്യക്തിക്ക് മാത്രമേ ആ ബൂത്തിൽ വോട്ട് ചേർക്കാൻ സാധിക്കുകയുള്ളു. വര്‍ഷങ്ങളായി സുരേഷ് ഗോപിയും കുടുംബവും തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിലെ ശാസ്തമംഗലം ഡിവിഷനിലെ 22/1788 എന്ന വീട്ടുനമ്പറിൽ സ്ഥിര താമസക്കാരാണ്. തിരുവനന്തപുരം കോർപറേഷൻ ശാസ്തമംഗലം ഡിവിഷനിൽ അദ്ദേഹത്തിന്റെയും കുടുംബാംഗങ്ങളുടേയും പേരുകൾ അദ്ദേഹം കേന്ദ്രമന്ത്രിയായതിനുശേഷം നടന്ന റിവിഷനിലും തുടരുന്നു. ഇതാണ് അദ്ദേഹം നടത്തിയ കൃത്രിമത്തിന് തെളിവ്.
സുരേഷ് ഗോപി 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിന്നു തൊട്ടു മുൻപായിട്ടാണ് ഏറ്റവും അവസാനമായി വോട്ട് ചേർത്തത്. വോട്ട് ചേർക്കുമ്പോൾ സ്ഥിര താമസക്കാരനണെന്ന രേഖയും സത്യാ പ്രസ്താവനയും നൽകണം. ശാസ്തമംഗലം ഡിവിഷനിൽ സ്ഥിര താമക്കാരനായ സുരേഷ് ഗോപി തൃശൂരിൽ നൽകിയ സത്യ പ്രസ്താവനയും രേഖയും സത്യമല്ലെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്.
ഇതേ മാർഗ്ഗത്തിലൂടെ സുരേഷ് ഗോപിയും സഹോദരനുമുൾപ്പടെ പതിനൊന്ന് പേരുടെ വോട്ടുകളാണ് ഒരേ വിലാസം കാണിച്ച് ഇത്തരത്തിൽ ചേർത്തത്. ജനപ്രാതിനിധ്യ നിയമം അനുസരിച്ചും ഇന്ത്യൻ ശിക്ഷ നിയമം അനുസരിച്ചും സുരേഷ് ഗോപിയും കുടുംബവും ചെയ്തത് ക്രിമിനൽ കുറ്റമാണ്. ഇക്കാര്യത്തിൽ കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് മുൻ എംപി ടി എൻ പ്രതാപൻ തൃശൂർ സിറ്റി പോലീസ് കമ്മീഷണർക്ക് നേരിൽ പരാതി നൽകിയത്.
വ്യാജ സത്യവാങ്മൂലം നൽകി അനർഹനായി വോട്ടർ പട്ടികയിൽ കയറിക്കൂടിയ ഒരാൾക്ക് ജനപ്രതിനിധി ആയി തുടരാൻ അവകാശമില്ല. ഇത് സംബന്ധിച്ചു പരാതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് നൽകും.
സുരേഷ് ഗോപിയുടെ വോട്ട് അസാധുവാകുന്നതോടെ അദ്ദേഹത്തിന്റെ പാര്‍ലമെന്റ് അംഗത്വം ഇല്ലാതായി മാറുമെന്നും പ്രതാപന് പറഞ്ഞു. ഇതിനെതിരെ നിയമപരമായി എല്ലാ പോരാട്ടവും നടത്താനാണ് കോൺഗ്രസ്സിന്റെ നീക്കം. ഇപ്പോള്‍ തദ്ദേശ തെരഞ്ഞെടുപ്പിന്റെ കരട് വോട്ടര്‍ പട്ടിക വന്നപ്പോള്‍ സുരേഷ് ഗോപിക്കും കുടുംബത്തിനും ഇരട്ടവോട്ട് ഉണ്ടെന്നും ഇത് എങ്ങനെ സംഭവിച്ചെന്നും പ്രതാപന് ചോദിക്കുന്നു.
ഈ ആരോപണങ്ങൾക്കും, തുടർന്നുള്ള പ്രതിഷേധങ്ങൾക്കുമിടെ കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഇന്ന് തൃശ്ശൂരിലെത്തും. രാവിലെ ഒമ്പതരക്കാണ് തൃശ്ശൂരിലെത്തുക. ബിജെപി പ്രവര്‍ത്തകര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കും. 5.15 ന് തിരുവനന്തപുരത്ത് നിന്നും വന്ദേഭാരതിലാണ് തൃശ്ശൂരിലേക്ക് പുറപ്പെട്ടത്. വോട്ടര്‍പ്പട്ടിക ക്രമക്കേട് ആരോപണത്തില്‍ മാധ്യമങ്ങള്‍ അദ്ദേഹത്തെ വളഞ്ഞെങ്കിലും സുരേഷ്ഗോപി മൗനം പാലിക്കുകയായിരുന്നു.
വോട്ടര്‍പട്ടിക ക്രമക്കേടില്‍ സുരേഷ് ഗോപിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയരുന്നുണ്ടെങ്കിലും കേന്ദ്ര മന്ത്രി പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. കഴിഞ്ഞ ദിവസം ഡല്‍ഹിയിലും മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം തേടിയെങ്കിലും സുരേഷ് ഗോപി ഒഴിഞ്ഞുമാറുകയായിരുന്നു. വിഷയത്തില്‍ ഇന്ന് തൃശ്ശൂരില്‍ പ്രതികരിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
സുരേഷ് ഗോപി എംപിയുടെ ഓഫീസ് ബോര്‍ഡില്‍ വിപിൻ എന്ന സിപിഎം പ്രവർത്തകൻ കരി ഓയില്‍ ഒഴിച്ചിരുന്നു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിന് പിന്നാലെയാണ് സിപിഐഎം ഓഫീസിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ മാര്‍ച്ച് സംഘടിപ്പിക്കുകയും സംഭവം സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തത്.