ജനങ്ങളെ ഭീതിയിലാഴ്ത്തി വീണ്ടും കടുവയുടെ ആക്രമണം; വാകേരിയില്‍ പശുക്കിടാവിനെ കടിച്ചുകൊന്നു
വാകേരിയില്‍ വീണ്ടും കടുവയുടെ ആക്രമണം. സീസിയില്‍ തൊഴുത്തില്‍ക്കെട്ടിയിരുന്ന പശുക്കിടാവിനെയാണ് കടുവ കടിച്ചു കൊന്നത്. വാകേരി സ്വദേശിയായ സുരേന്ദ്രന്റെ വീട്ടിലെ തൊഴുത്തിലുണ്ടായിരുന്ന എട്ട് മാസം പ്രായമുളള പശുക്കിടാവിനെയാണ് കടുവ കൊന്നത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.
ഇന്ന് രാവിലെ സുരേന്ദ്രൻ നടക്കാൻ ഇറങ്ങിയപ്പോഴാണ് പശു തൊഴുത്തിന് പുറത്ത് നില്‍ക്കുന്നത് കണ്ടത്. തുടര്‍ന്ന് തിരച്ചില്‍ നടത്തിയപ്പോഴാണ് തൊഴുത്തിനകത്ത് പശുക്കിടാവിന്റെ പാതി ഭക്ഷിച്ച നിലയിലുള്ള ശരീരം കണ്ടെത്തിയത്. പശുക്കിടാവിനെ കടുവ ആക്രമിച്ചെന്നാണ് നിഗമനം. വാകേരിയിലും സമീപപ്രദേശമായ മൂടക്കൊല്ലിയിലും നേരത്തെയും കടുവ ഇറങ്ങിയിരുന്നു. വാകേരിയില്‍ നിന്ന് വനംവകുപ്പ് പിടികൂടിയ നരഭോജി കടുവയെ കണ്ടെത്തിയ സ്ഥലത്ത് നിന്ന് അഞ്ച് കിലോമീറ്റര്‍ മാത്രം അകലെയാണ് ഈ പശുക്കിടാവിനെ കൊന്ന സ്ഥലം. ഇതോടെ വാകേരി നിവാസികളുടെ ഭീതി വര്‍ദ്ധിച്ചിരിക്കുകയാണ്.