തിലകന്റെ പോരാട്ടം ഫലം കണ്ടു; ബസ് കാത്തിരിപ്പുകേന്ദ്രങ്ങളിലെ സ്റ്റീല് പൈപ്പുകൊണ്ടുള്ള ഇരിപ്പിടം ഇനി പഴംകഥയാകും
ബസ് കാത്തിരിപ്പുകേന്ദ്രങ്ങളിലെ സ്റ്റീല് പൈപ്പുകൊണ്ടുള്ള ഇരിപ്പിടം ഒഴിവാക്കാൻ സർക്കാർ ഉത്തരവിറക്കി. കൊടുങ്ങല്ലൂർ സ്വദേശി സി.എസ്.
തിലകൻ തദ്ദേശവകുപ്പ് മന്ത്രി എം.ബി. രാജേഷിന് നല്കിയ പരാതിയെ തുടർന്നാണ് നടപടി. ബസ് കാത്തിരിപ്പുകേന്ദ്രങ്ങളിലെത്തുന്നവർക്ക് ഇരിക്കാൻ പൈപ്പ് മാറ്റി പകരം സംവിധാനമൊരുക്കണമെന്ന് തദ്ദേശവകുപ്പ് പ്രിൻസിപ്പല് സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവില് പറയുന്നു.
ലക്ഷങ്ങള് മുടക്കി നിർമ്മിക്കുന്ന ബസ് കാത്തിരിപ്പു കേന്ദ്രങ്ങളിലെ ഇരിപ്പിടമായി സ്റ്റീല് പൈപ്പുകള് സ്ഥാപിക്കുന്നത് കേരളത്തിലെ സാധാരണ കാഴ്ച്ചയാണ്. കാത്തിരിപ്പുകേന്ദ്രം അനാശാസ്യനടപടിക്കും മറ്റും ഉപയോഗിക്കാതിരിക്കാനാണ് സ്റ്റീല് പൈപ്പ് ഉപയോഗിച്ച് ഇരിപ്പിടമൊരുക്കിയതെന്നാണ് ചില ജനപ്രതിനിധികള് നല്കിയ വിശദീകരണം. പൈപ്പ് പ്രശ്നം പലരും പരിഹാസരൂപേണ സാമൂഹികമാധ്യമത്തിലൂടെ പങ്കുവെച്ചിരുന്നു. എന്നാല്, എഴുപത്തിയെട്ടുകാരനായ തിലകൻ ഈ വിഷയം ചൂണ്ടിക്കാട്ടി മന്ത്രി എം.ബി. രാജേഷിന് ഒരു കത്തയച്ചു. അതിന്റെ ഫലമായാണ് ഇപ്പോള് തദ്ദേശ വകുപ്പിന്റെ ഇടപെടല്. പണമനുവദിച്ച എം.എല്.എ.മാർ, എം.പി.മാർ എന്നിവരെക്കൊണ്ടുതന്നെ ഇതിനു പരിഹാരം കാണാനാകുമോയെന്നും തദ്ദേശവകുപ്പ് അധികൃതർ ആലോചിക്കുന്നുണ്ട്.