ഇന്ന് വിജയദശമി; കുരുന്നുകൾക്ക് വിദ്യാരംഭം

നവരാത്രി ആഘോഷങ്ങൾക്ക് സമാപനം കുറിച്ച് ഇന്ന് വിജയദശമി. അറിവിന്റെ ആദ്യാക്ഷരം കുറിക്കാനായി സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും വൻ ഭക്തജനത്തിരക്കാണ് അതിരാവിലെ മുതൽ അനുഭവപ്പെടുന്നത്.
വിദ്യയുടെ ദേവതയായ സരസ്വതി ദേവിയെ പൂജിച്ച ശേഷം കുട്ടികളെ എഴുത്തിനിരുത്തുന്ന വിദ്യാരംഭം ചടങ്ങുകൾ ഇന്ന് പുലർച്ചെ മുതൽ ആരംഭിച്ചു. ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന കോട്ടയം പനച്ചിക്കാട് ക്ഷേത്രം, എറണാകുളത്തെ ചോറ്റാനിക്കര ക്ഷേത്രം, കൊല്ലൂർ മൂകാംബിക ക്ഷേത്രം തുടങ്ങിയ പ്രസിദ്ധമായ എഴുത്തിനിരുത്ത് കേന്ദ്രങ്ങളിൽ ആയിരക്കണക്കിന് കുരുന്നുകളാണ് ‘ഹരിശ്രീ’ കുറിച്ച് അറിവിന്റെ ലോകത്തേക്ക് പ്രവേശിക്കുന്നത്. പാരമ്പര്യ എഴുത്താശാൻമാരും കവികളും സാഹിത്യകാരന്മാരുമാണ് ഇവിടെ കുരുന്നുകൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകുന്നത്.