ശിക്ഷാവിധി ഇന്ന്, ദിലീപിനെ വെറുതെ വിട്ടതിന്റെ കാരണങ്ങളും ഇന്നറിയാം: പകർപ്പ് കിട്ടിയ ശേഷം അപ്പീലുമായി മുന്നോട്ട്
കൊച്ചിയിൽ നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പ്രതികളുടെ ശിക്ഷ ഇന്ന് വിധിക്കും. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷമായിരിക്കും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് ശിക്ഷ വിധിക്കുന്നത്.
ഒന്നുമുതൽ ആറുവരെ പ്രതികളായ പൾസർ സുനി എന്ന എൻ.എസ്. സുനിൽ, മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, വടിവാൾ സലിം എന്ന എച്ച് സലിം , പ്രദീപ് എന്നിവർ കുറ്റക്കാരാണെന്ന് തിങ്കളാഴ്ച കോടതി കണ്ടെത്തിയിരുന്നു. ഇവരുടെ ശിക്ഷയാണ് ഇന്ന് വിധിക്കുന്നത്.
കുറ്റക്കാരായി കണ്ടെത്തിയ ഈ ആറ് പ്രതികളെയും കോടതിയിൽ ഹാജരാക്കും. നിലവിൽ ഇവർ ആറു പേരും തൃശ്ശൂർ വിയ്യൂർ സെൻട്രൽ ജയിലിലാണ് കഴിയുന്നത്. കുറ്റവിമുക്തനാക്കിയതിനാൽ കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപിന് കോടതിയിൽ ഹാജരാകേണ്ട. കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരേ തെളിഞ്ഞിട്ടുള്ളത്. ജീവപര്യന്തം തടവോ അല്ലെങ്കിൽ കുറഞ്ഞത് 20 വർഷം കഠിനതടവോ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിത്.
ശിക്ഷ പ്രഖ്യാപിച്ചശേഷമേ വിധിപ്പകർപ്പ് ലഭിക്കൂ. ദിലീപടക്കമുള്ളവരെ എന്തുകൊണ്ട് കുറ്റവിമുക്തരാക്കി എന്ന കാര്യവും ഉത്തരവ് പുറത്തുവന്നാലെ വ്യക്തമാകൂ. ഉത്തരവ് പുറത്തുവന്നാലുടൻ പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ അപ്പീൽ ഫയൽ ചെയ്യുമെന്നാണ് വിവരം.
ദിലീപിനെതിരെ ചുമത്തിയ ഗൂഢാലോചനക്കുറ്റത്തില്‍ കോടതിയുടെ നിഗമനം വിധിയില്‍ വ്യക്തമാകും. ദിലീപിന് പുറമേ മൂന്ന് പ്രതികളെയും കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ദിലീപിനെതിരെ ഗൂഢാലോചനക്കുറ്റം തെളിയിക്കാന്‍ കഴിഞ്ഞില്ലാ എന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍.
പ്രതികളെ രാവിലെ പതിനൊന്നുമണിയോടെ കോടതിയില്‍ എത്തിക്കും. പ്രതികള്‍ പറയുന്നതുകൂടി കോടതി കേള്‍ക്കും. ഇതിന് ശേഷമായിരിക്കും ശിക്ഷാവിധി. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം 20 വര്‍ഷം വരെ കഠിന തടവോ, ജീവപര്യന്തം തടവോ ലഭിക്കാവുന്ന കൂട്ടബലാത്സംഗക്കുറ്റം അടക്കം പത്ത് കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ കണ്ടെത്തിയത്. എട്ടാം പ്രതി ദിലീപിനെ കുറ്റവിമുക്തനാക്കിയതിന്റെ കാരണങ്ങളും വിധിന്യായത്തിലുണ്ടാകും.
നമ്മുടെ രാജ്യത്തിൻറെ നീതിന്യയ വ്യവസ്ഥയെ സംബന്ധിച്ച് ഈ കേസിന് ഏറെ പ്രാധാന്യമുണ്ട്. ലൈംഗിക കുറ്റകൃത്യത്തിന് ക്വട്ടേഷന്‍ നല്‍കിയതിന് രാജ്യത്ത് ആദ്യമായി രജിസ്റ്റര്‍ ചെയ്ത കേസാണിത്. 2017 ഫെബ്രുവരി പതിനേഴിന് രാത്രിയായിരുന്നു സംഭവം നടന്നത്.
നടിക്ക് നേരെ ഗുണ്ടാ ആക്രമണം എന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. ഇതിന് ശേഷമാണ് സമാനതകളില്ലാത്ത ഈ ക്രൂരത പുറംലോകമറിയുന്നത്. രണ്ട് മണിക്കൂറോളം വാഹനത്തില്‍വെച്ച് അതിക്രൂരമായ പീഡനമാണ് നടന്നത്. . ഇതിന് ശേഷം നടിയെ നടന് ലാലിന്റെ വീടിന് മുന്നില്‍ ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളയുകയായിരുന്നു.
പിന്നീട് നടന് ലാല്‍ വിളിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. ഈ സമയം പി ടി തോമസ് എംഎല്‍എയും സംഭവം അറിഞഞ അവിടേക്ക് എത്തി. തുടര്‍ന്ന് നടിയുടെ മൊഴിയെടുത്ത ശേഷം കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ക്വട്ടേഷന്‍ സംഘത്തിലേക്ക് അന്വേഷണം എത്തിയത്. സിനിമാക്കാരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന പള്‍സര്‍ സുനിയാണ് ക്വട്ടേഷന്‍ ഏറ്റെടുത്ത് നടപ്പിലാക്കിയതെന്നും വ്യക്തമായി.
എന്തായാലും ഇന്നത്തെ വിധിക്ക് ശേഷമാണ് അപ്പീൽ പോകുന്ന കാര്യത്തിൽ വ്യക്തത കൈ വരുന്നത്. മേൽക്കോടതികളിൽ നടക്കാൻ പോകുന്ന നിയമപോരാട്ടമാണ് ഇനി ശ്രദ്ധേയമായി മാറുന്നത്. അതിജീവിതക്ക് 100 ശതമാനം നീതി ലഭിക്കണം എന്ന് തന്നെയാണ് മലയാളികാലിൽ ബഹുഭൂരിഭാഗവും ആഗ്രഹിക്കുന്നത്.
അതേസമയം തെളിവില്ലാത്തത് കൊണ്ട് രക്ഷപ്പെട്ടവരെ വെളുപ്പിക്കാൻ സെലിബ്രിറ്റികൾ അടക്കം നിരവധി ആളുകളും ഇറങ്ങിയിട്ടുണ്ട്. അതിശക്തമായ പി ആർ വർക്ക് ആണിപ്പോൾ നടക്കുന്നത്. കേട്ടാൽ അറക്കുന്ന കാര്യങ്ങളും, വിചിത്രമായ ന്യായീകരണങ്ങളുമാണ് കാശ് മേടിച്ച് സോഷ്യൽ മീഡിയയിൽ ഇക്കൂട്ടർ എഴുതി വിടുന്നത്. നടനും നിർമ്മാതാവും സംവിധായകനുമായ പൃഥ്വിരാജിനെ വരെ ഇക്കൂട്ടർ കടന്നാക്രമിക്കുന്നുണ്ട്.












