നടിയെ ആക്രമിച്ച കേസിലെ വിചാരണ; സമയപരിധി നീട്ടി നല്കി സുപ്രീംകോടതി, ജഡ്ജിക്കെതിരെ സര്‍ക്കാര്‍ നികൃഷ്ട ആരോപണങ്ങള്‍ ഉന്നയിക്കുന്നെന്ന് ദിലീപ്
നടിയെ ആക്രമിച്ച കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ സമയം നീട്ടി നല്കി സുപ്രീം കോടതി. വിചാരണ ജനുവരി 31നകം പൂര്‍ത്തിയാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. വിചാരണ പൂര്‍ത്തിയാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഫെബ്രുവരി 22ന് വിചാരണ പൂര്‍ത്തിയാക്കാനുള്ള സമയം അവസാനിച്ചിരുന്നു. കേസിന് ആറു മാസം കൂടി സമയം നീട്ടി നല്‍കണമെന്ന് വിചാരണക്കോടതി ജഡ്ജി ഹണി എം വര്‍ഗീസ് സുപ്രീം കോടതിയോട് ആവശ്യപ്പെടുകയായിരുന്നു.
തുടര്‍ച്ചയായി വിചാരണ നടത്തി നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. എന്നാല്‍ സംസ്ഥാന സര്‍ക്കാരും അതിജീവിതയും വിചാരണ വൈകിപ്പിക്കുകയാണെന്ന് ദിലീപിനു വേണ്ടി ഹാജരായ മുകുള്‍ രോഹ്ത്തഗി പറഞ്ഞു. വിചാരണക്കോടതി ജഡ്ജിക്കെതിരെ സര്‍ക്കാര്‍ നികൃഷ്ടമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും പ്രതിഭാഗം പറഞ്ഞു.
എന്നാല്‍ കേസും ഞെട്ടിപ്പിക്കുന്നതല്ലേയെന്ന് ജസ്റ്റിസ് എം എം സുന്ദരേഷ് പ്രതിഭാഗത്തോട് ചോദിച്ചു. സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ ആരോപണങ്ങള്‍ നിഷേധിച്ചു. വിചാരണക്കോടതി മാറണമെന്ന് ആവശ്യപ്പെട്ട് അതിജീവിത നല്കിയ ഹര്‍ജി ഹൈക്കോടതി ബുധനാഴ്ച പരിഗണിക്കുകയാണെന്ന് അതിജീവിതയ്ക്കു വേണ്ടി ഹാജരായ ആര്.ബസന്ത് കോടതിയെ അറിയിച്ചു.
കേസില്‍ രഹസ്യവാദമാണ് നടക്കുന്നത്. അതിനാല്‍ ഇക്കാര്യം കൂടി പരിഗണിച്ചു മാത്രമേ സുപ്രീം കോടതി ഉത്തരവ് ഇറക്കാവൂ എന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ ഹൈക്കോടതി തീരുമാനിക്കട്ടെയെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. നാലാഴ്ചയ്ക്കകം വിചാരണ നടപടികളുടെ പുരോഗതി അറിയിക്കാന്‍ വിചാരണക്കോടതിയോട് സുപ്രീം കോടതി നിര്‍ദേശിച്ചു.