മാങ്കുളത്ത് ആക്രമിച്ച പുലിയെ ആദിവാസി യുവാവ് വെട്ടിക്കൊന്നു

ഇടുക്കി മാങ്കുളത്ത് ആദിവാസി യുവാവ് സ്വയരക്ഷാര്‍ത്ഥം പുലിയെ വെട്ടിക്കൊന്നു. ചിക്കണാംകുടി ഗോപാലനെയാണ് പുലി ആക്രമിച്ചത്. കയ്യിലിലും കാലിലും കടിച്ച പുലിയെ യുവാവ് വാക്കത്തി കൊണ്ട് വെട്ടുകയായിരുന്നു. തലയില്‍ വെട്ടേറ്റ പുലി തല്‍ക്ഷണം ചത്തു. ശനിയാഴ്ച്ച രാവിലെയാണ് സംഭവം നടന്നത്. പരിക്കേറ്റ ഗോപാലനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
യുവാവ് വീടിനു സമീപത്തെ പറമ്പിലേക്ക് പോകുന്ന വഴിയാണ് പുലിയുടെ ആക്രമണം ഉണ്ടായത്. വഴിയില്‍ കിടക്കുകയായിരുന്ന പുലി തന്റെ ദേഹത്തേക്ക് ചാടി വീണ് കടിക്കുകയായിരുന്നെന്ന് യുവാവ് പറഞ്ഞു. ഇതോടെ സ്വയരക്ഷാര്‍ത്ഥം കൈയ്യിലുണ്ടായിരുന്ന വെട്ടുകത്തിയെടുത്ത് പുലിയെ വെട്ടുകയായിരുന്നു.
പുലിയുടെ ആക്രമണത്തില്‍ യുവാവിന് കൈയ്യിലും കാലിലുമടക്കം പരിക്കുകളുണ്ട്. ഇദ്ദേഹത്തെ നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പേവിഷ ബാധയ്ക്കെതിരെ കുത്തിവെപ്പ് എടുത്ത് ചികിത്സ തുടരുകയാണ്.
കഴിഞ്ഞ ഒരു മാസമായി പ്രദേശത്ത് പുലിയുടെ സാന്നിധ്യമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. വനവകുപ്പ് സ്ഥാപിച്ച ക്യാമറയിലും പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. കൂടാതെ വളര്‍ത്തു മൃഗങ്ങളെ പുലി ആക്രമിച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
Content Highlights – Tribal youth killed a tiger for self-defense