ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി മുതല്‍; നിയമം ലംഘിച്ച് മീൻപിടിച്ചാല്‍ കര്‍ശന നടപടി
സംസ്ഥാനത്ത് 52 ദിവസത്തെ ട്രോളിങ് നിരോധനം ഇന്ന് അർധരാത്രി നിലവില്‍വരും. ജൂലായ് 31-നാണ് ട്രോളിങ് നിരോധനം അവസാനിക്കുക.
തീരത്തുനിന്ന് 22 കിലോമീറ്റര്‍ ദൂരം മീന്‍പിടിത്തം അനുവദിക്കില്ല. മീന്‍ സമ്ബത്ത് വര്‍ധിപ്പിക്കാനും തൊഴിലാളികളുടെ വരുമാനമാര്‍ഗം ഉറപ്പാക്കാനുമാണ് ട്രോളിങ് നിരോധനം. നിയമം ലംഘിച്ച് മീൻപിടിച്ചാല്‍ കർശന നടപടിയുണ്ടാകുമെന്ന് ഫിഷറീസ് വകുപ്പ് മുന്നറിയിപ്പ് നല്കി.
ട്രോളിങ് നിരോധന കാലയളവില്‍ ട്രോളിങ് ബോട്ടിലെ മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും സൗജന്യ റേഷന്‍ അനുവദിക്കും. അന്യസംസ്ഥാന ബോട്ടുകള്‍ ട്രോളിങ് നിരോധനം തുടങ്ങും മുമ്ബ് കേരളതീരം വിട്ടുപോകേണ്ടതാണ്. ജൂണ്‍ ഒമ്ബതിന് വൈകീട്ട് ട്രോളിങ് ബോട്ടുകള്‍ കടലില്‍നിന്നു സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയതായി മറൈന്‍ എന്‍ഫോഴ്സ്മെന്റും കോസ്റ്റല്‍ പൊലീസും ഉറപ്പാക്കും.