രണ്ടുവയസ്സുകാരിയെ കാണാതായ സംഭവം: കുട്ടികള്‍ക്ക് രേഖകളില്ല, കുഞ്ഞിന്റെ മാതാപിതാക്കള്‍ വിമാനയാത്രക്കാര്‍
ചാക്കയില്‍നിന്നു കാണാതായ രണ്ടുവയസ്സുകാരിക്കും സഹോദരങ്ങള്‍ക്കും ആധാറോ ജനന സർട്ടിഫിക്കറ്റോ അടക്കമുള്ള രേഖകളില്ല.
രേഖകള്‍ ലഭിക്കാത്തതിനാല്‍ ഡി.എൻ.എ. അടക്കമുള്ള പരിശോധനാ റിപ്പോർട്ടുകള്‍ ലഭിച്ച ശേഷമേ കുട്ടികളെ വിട്ടുനല്‍കുകയുള്ളൂ. അമ്മയെയും രണ്ടുവയസ്സുകാരിയെയും വഞ്ചിയൂരിലുള്ള സംരക്ഷണകേന്ദ്രത്തിലേക്കും മറ്റ് മൂന്ന് ആണ്‍കുട്ടികളെ ശിശുക്ഷേമസമിതിയിലേക്കുമാണ് മാറ്റിയത്. അമ്മയെയും കുഞ്ഞിനെയും മാറ്റുന്നതിനെതിരേ ബന്ധുക്കള്‍ പ്രതിഷേധവുമായി എത്തിയിരുന്നു. അമ്മ നാലു മാസം ഗർഭിണിയാണ്.
ഒടുവില്‍ ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റിയുടെ തീരുമാനപ്രകാരം പോലീസ് ഇടപെട്ടാണ് സംരക്ഷണകേന്ദ്രത്തിലേക്കു മാറ്റിയത്. മതാപിതാക്കളുടെ ആധാർ രേഖകള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്. ഇതുെവച്ച് ആന്ധ്രപ്രദേശിലെ ഇവരുടെ ഗ്രാമത്തിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനം.
കുഞ്ഞിന്റെ മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടുകളും മറ്റു രേഖകളും പോലീസ് ശേഖരിച്ചു. ബന്ധുക്കളുടെ മൊഴിയും വ്യാഴാഴ്ച രേഖപ്പെടുത്തി. ബാങ്ക് അക്കൗണ്ടുകളിലേക്ക് വലിയ തുകകള്‍ വന്നിട്ടുണ്ടോയെന്നതാണ് പരിശോധിക്കുന്നത്. കുഞ്ഞിന്റെ മാതാപിതാക്കളും വിമാനത്തില്‍ പല സംസ്ഥാനങ്ങളിലേക്കും സഞ്ചരിച്ചതിന്റെ വിവരങ്ങള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്. തേൻ ശേഖരിക്കാനും വില്‍ക്കാനുമാണ് പോകുന്നതെന്നാണ് ഇവരുടെ മൊഴി. കുഞ്ഞിനെ കാണാതായ ദിവസം ബന്ധുക്കള്‍ ഹൈദരാബാദില്‍നിന്ന് വിമാനത്തിലെത്തിയതിനെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ടായിരുന്നു.
പത്തു ദിവസം മുൻപാണ് കുഞ്ഞും കുടുംബവും തിരുവനന്തപുരത്തെത്തിയത്. ഇവർക്കൊപ്പം മറ്റു ബന്ധുക്കളും ഉണ്ടായിരുന്നുവെന്നാണ് കരുതുന്നത്. കുഞ്ഞിനെ കാണാതായതോടെ ഇവരെല്ലാം തലസ്ഥാനത്തെത്തിയിട്ടുണ്ട്.കുഞ്ഞിന്റെ രക്തപരിശോധനാഫലവും പോലീസ് പ്രതീക്ഷിച്ചിരിക്കുകയാണ്. രക്തത്തില്‍ മദ്യത്തിെന്റയോ മയക്കുന്ന തരത്തിലുള്ള മറ്റെന്തിന്റെയെങ്കിലുമോ അംശമുണ്ടോ എന്നതാണ് പോലീസിന്റെ സംശയം.