മൂന്നാറില്‍ നാല് ദിവസത്തിനുള്ളില്‍ 20 കുട്ടികള്‍ക്ക് മഞ്ഞപ്പിത്തം; സ്കൂള്‍ അടച്ചു
വിദ്യാര്‍ത്ഥികള്‍ക്ക് വ്യാപകമായി ടൈഫോയ്ഡ് പടര്‍ന്നുപിടിക്കുന്നതിനാല്‍ ജില്ലാ കളക്ടറുടെ ഉത്തരവില്‍ ഇടുക്കിയിലെ എംആര്‍എസ് സ്കൂള്‍ അടച്ചു. നാലു ദിവസത്തിനുള്ളില്‍ 20 കുട്ടികള്‍ക്കാണ് രോഗം പിടിപെട്ടത്.
കഴിഞ്ഞ ശനിയാഴ്ച ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിലാണ് സ്കൂള്‍ ഹോസ്റ്റലിലെ 14 കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 6 പേര് അവരുടെ വീടുകളിലേക്ക് മടങ്ങിയിരുന്നു. 8 പേരെ ഹോസ്റ്റലില്‍ പ്രത്യേക സംരക്ഷണയിലേക്ക് മാറ്റി.
എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ വീണ്ടും ആറ് പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെയാണ് സ്കൂള്‍ അടച്ചിട്ടത്. കളക്ടറുടെ നിര്‍ദേശപ്രകാരം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച സ്കൂളിലെ മുഴുവൻ കുട്ടികള്‍, ജീവനക്കാര്‍, അധ്യാപകര്‍ എന്നിവരില്‍ പരിശോധന നടത്തി. പരിശോധനയുടെ ഫലം വന്നശേഷം സ്ഥിതിഗതികള്‍ വിലയിരുത്തി മാത്രമേ സ്കൂള്‍ തുറക്കുകയുള്ളൂവെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു.