‘പാര്‍ട്ടിക്കും പ്രവര്‍ത്തകര്‍ക്കും നന്ദി; കെവി തോമസ് കോണ്‍ഗ്രസ് പാളയത്തില്‍ ഉണ്ടാവും;’ ഉമ തോമസ് യുഡിഎഫ് സ്ഥാനാര്‍ത്ഥി
തന്നെ സ്ഥാനാര്‍ത്ഥി ആക്കിയതിന് പാര്‍ട്ടിക്കു പ്രവര്‍ത്തകര്‍ക്കും നന്ദി എന്ന് ഉമ തോമസ്. വിമതസ്വരം ഉയര്‍ത്തിയ കെവി തോമസിനെ നേരില്‍ കണ്ട് പിന്തുണ തേടും. പിടിയുടെ പാതയില്‍ തന്നെ പ്രവര്‍ത്തിക്കണം. അദ്ദേഹം തുടങ്ങിവെച്ചതോക്കെ ഏറ്റെടുക്കണം. ഈ ആഗ്രഹത്തോടു കൂടെയാണ് താന്‍ ഈ ഉദ്യമം ഏറ്റെടുക്കുന്നതെന്നും ഉമ തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
കെവി തോമസിന് തനിക്കെതിരെ പ്രവര്‍ത്തിക്കാനാവില്ലെന്നും അദ്ദേഹം തങ്ങളുടെ പാളയത്തില്‍ തന്നെ ഉണ്ടാവുമെന്നും ഉമ പ്രതികരിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഉമാ തോമസിനെ പ്രഖ്യപിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉമ.
‘ഡൊമനിക്ക് പ്രസന്റേഷന് പിടിയുടെ അടുത്ത സുഹൃത്ത്. ആദ്ദേഹം പറഞ്ഞത് എന്തെങ്കിലും വികാരത്തിന്റെ പുറത്താവും. ആദ്ദേഹം ഒരിക്കലും എന്നെ തള്ളിപറയില്ല,’ ഉമ പ്രതികരിച്ചു. നേരത്തെ, തൃക്കാക്കരയില്‍ ജയിക്കാന്‍ സഹതാപം മാത്രം പോര എന്ന് ഡൊമനിക്ക് പ്രസന്റേഷന് അഭിപ്രായപ്പെട്ടിരുന്നു.
ഹൈക്കമാന്‍ഡിനു നല്കിയ പട്ടികയില്‍ ഉമ തോമസിന്റെ പേരു മാത്രമാണുള്ളതെന്നും, പരിഗണിച്ചതും തീരുമാനിച്ചതും ഒരു പേര് മാത്രമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന് നേരത്തെ പറഞ്ഞിരുന്നു. പിടി തോമസിന് മണ്ഡലവുമായി ഉള്ള വൈകാരിക ബന്ധം പരിഗണിച്ചതായി പ്രതിപക്ഷ നേതാവ് വിഡി സതീശന് പ്രതികരിച്ചിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനെതിരെ പ്രദേശിക നേതാക്കള്‍ക്കിടയില്‍ അഭിപ്രായവത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇത് കാര്യമാക്കാതെയാണ് ഉമയുടെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി സംസ്ഥാന നേതൃത്വം മുന്നോട്ടു പോയത്.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്, ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് കെ.സുധാകരന്, എം.എം.ഹസന്, രമേശ് ചെന്നിത്തല എന്നിവര്‍ ഇന്ദിരാഭവനില്‍ യോഗം ചേര്‍ന്ന ശേഷമാണ് സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ചു തീരുമാനം എടുത്തത്.
പിടി തോമസിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവ് വന്ന തൃക്കാകര മണ്ഡലത്തില്‍ മെയ് 31ന് ഉപതിരഞ്ഞെടുപ്പ് പ്രഖ്യപിച്ചിരുന്നു. ഉപതിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതോടെ സ്ഥാനാര്‍ഥി നിര്‍ണയം വേഗത്തിലാക്കാനുള്ള ശ്രമത്തിലാണ് മുന്നണികള്‍.
മെയ് 11 വരെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം. 16 വരെ പത്രിക പിന്‍വലിക്കാനുള്ള സമയമുണ്ട്. ജൂണ്‍ മൂന്നിനാണ് വോട്ടെണ്ണല്‍. തൃക്കാക്കര കൂടാതെ ഒഡീഷയിലേയും ഉത്തരാഖണ്ഡിലേയും ഓരോ സീറ്റുകളിലും ഇതേ ദിവസം തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.
Content Highlight: KV Thomas will stay with Congress, says party candidate at Thrikkakara Uma Thomas.