വലിയ കേസുകൾ തെളിയിക്കാൻ കഴിവില്ല, അതുകൊണ്ട് ഇല്ലാത്ത കേസുകൾ ഉണ്ടാക്കുന്നു; ഒടുവിൽ നാണം കെടാൻ മാത്രമായി കേരള പൊലീസ്
പ്രായപൂര്‍ത്തിയാകാത്ത തന്റെ സഹോദരന് വാഹനം ഓടിച്ചെന്നാരോപിച്ച് സഹോദരിക്കെതിരെ പോലീസ് കേസ് എടുത്തിരുന്നു. എന്നാൽ ആ കേസ് വ്യാജമെന്ന് കണ്ടെത്തിയതോടെ വിദ്യാനഗര്‍ എസ്ഐയെ സ്ഥലം മാറ്റാനാണ് ഇപ്പോളത്തെ തീരുമാനം. എസ്ഐ അനൂപിന് വീഴ്ച സംഭവിച്ചുവെന്ന സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പ്രായപൂര്‍ത്തിയാകാത്ത സഹോദരന് സ്കൂട്ടര്‍ ഓടിച്ചെന്ന പേരിലായിരുന്നു 19 വയസ്സുള്ള സഹോദരി മാജിദക്കെതിരെ കേസെടുത്തത്. എന്നാല്‍ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതില്‍ നിന്നും സഹോദരന് വാഹനം ഓടിച്ചില്ലെന്ന് കണ്ടെത്തുകയായിരുന്നു. ദൃശ്യം പരിശോധിക്കാതെയായിരുന്നു പൊലീസ് കണ്ണും പൂട്ടി കേസെടുത്തത്. തുടര്‍ന്ന് മാജിദ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
താന്‍ ഓടിച്ച സ്കൂട്ടറിന്റെ പേരില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരന് വാഹനം ഓടിച്ചെന്ന് ആരോപിച്ച് കള്ളക്കേസ് എടുത്തെന്നാണ് യുവതിയുടെ പരാതി. മാജിദയുടെ വാദങ്ങളെ ശരിവെക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പൊലീസിനെതിരെ വ്യാപക വിമര്‍ശനത്തിന് ഇത് വഴിവെച്ചിരുന്നു.
കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് ആറുമണിയോടെയാണ് കാസര്‍കോട്ടെ ചെര്‍ക്കള ടൗണില്‍ സംഭവം നടന്നത്. ലൈസന്‍സുള്ള മാജിദ ഹെല്‍മെറ്റ് ധരിച്ച് സ്കൂട്ടര്‍ ഓടിക്കുകയും 16 വയസ്സുള്ള സഹോദരന് പിന്നില്‍ ഹെല്‍മെറ്റ് ധരിച്ച് കൊണ്ട് തന്നെ യാത്ര ചെയ്യുകയുമായിരുന്നു. റോഡിന്റെ അരികിലായി സ്കൂട്ടര്‍ പാർക്ക് ചെയ്ത ശേഷം മാജിദ തൊട്ടടുത്ത ട്യൂഷന് സെന്ററിലേക്ക് പോയി. സഹോദരന് അടുത്തുള്ള ഹൈപ്പര്‍മാര്‍ക്കറ്റിലേക്കും പോയി.
എന്നാൽ കുറച്ച് കഴിഞ്ഞ് സഹോദരന് തിരിച്ച് ഈ സ്കൂട്ടറിൻറെ അടുത്ത് നില്‍ക്കുമ്പോഴാണ് വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനിലെ എസ്ഐയും സംഘവും അവിടേക്ക് വരുന്നത്. സ്കൂട്ടറിനടുത്ത് വിദ്യാര്‍ത്ഥി നില്ക്കുന്നതു കണ്ടയുടനെ എസ് ഐ കാര്യങ്ങൾ തീരുമാനിച്ചു. കൂടുതല്‍ വ്യക്തത വരുത്തുന്നതിന് മുമ്പ് തന്നെ 16 കാരനാണ് സ്കൂട്ടർ ഓടിച്ചതെന്ന് ഉറപ്പിച്ച് കൊണ്ട് നടപടികളിലേക്ക് കടക്കുകയായിരുന്നു. തുടർന്ന് സഹോദരി മജീദ സ്ഥലത്തെത്തി താനാണ് വാഹനം ഓടിച്ചതെന്ന് ആവര്‍ത്തിച്ചെങ്കിലും ഇതൊന്നും ചെവിക്കൊള്ളാതെ കേസെടുക്കുകയായിരുന്നു. മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരമായിരുന്നു മാജിദയ്ക്കെതിരെ കേസെടുത്തത്.
പലപ്പോളും നമ്മുടെ ചില പോലീസുകാർക്ക് ഇതുപോലുള്ള കേസുകളിൽ വലിയ താല്പര്യമാണ്. അങ്ങനെയുള്ള മറ്റൊരു സംഭവത്തിൽ, അതായത് മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് വാഹനം ഓടിച്ചെന്ന് ആരോപിച്ച് സ്കൂട്ടർ പിടിച്ചെടുത്ത സംഭവത്തിലും പൊലീസിനെ ഹൈക്കോടതി വിമർശിച്ചിരുന്നു.
കാളികാവ് വെന്തോടന്‍പടിയിലെ വിരാന്‍കുട്ടിയുടെ സ്കൂട്ടർ വിട്ടുനൽകാൻ കാളികാവ് പൊലീസിനോട് ആവശ്യപ്പെട്ടതിന് പുറമെ, വീരാൻകുട്ടിക്ക് നഷ്ടപരിഹാരം നൽകാനും ഹൈക്കോടതി ഉത്തരവിട്ടു. 2022 ഒക്ടോബര്‍ 17ന് പിടിച്ചെടുത്ത സ്കൂട്ടറുമായി ബന്ധപ്പെട്ട കേസിലാണ് വീരാൻകുട്ടിക്ക് അനുകൂലമായി ഹൈക്കോടതിയുടെ ഉത്തരവ് ഉണ്ടായത്. പരാതിക്കാരൻ ‘സുരക്ഷിതമായി സൂക്ഷിക്കാന്‍ ഏല്പിച്ചതാണ്’ വാഹനം എന്നായിരുന്നു പൊലീസ് വാദം. എന്നാൽ വീരാൻകുട്ടി സമർപ്പിച്ച രസീതും മജിസ്ട്രേറ്റിൻ്റെ റിപ്പോർട്ടും പരിഗണിച്ച കോടതി നഷ്ടപരിഹാരം നൽകാൻ വിധിച്ചു.
മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സ്കൂട്ടര്‍ ഓടിച്ചെന്നാരോപിച്ചാണ് മൂന്ന് വർഷം മുൻപ് കാളികാവ് ഇന്‍സ്പെക്ടര്‍ വാഹനം തടഞ്ഞത്. സ്കൂട്ടര്‍ എത്രയും പെട്ടെന്ന് സ്റ്റേഷനില്‍ കൊണ്ടുപോയി ഇട്ടില്ലെങ്കില്‍ കേസെടുക്കുമെന്ന് ഇൻസ്പെക്ടർ ഭീഷണിപ്പെടുത്തി. സ്റ്റേഷനിലെത്തിച്ച വാഹനം പിന്നീട് വിട്ടുനല്‍കിയില്ല. പിഴ കോടതിയില്‍ അടക്കാമെന്ന വാദവും പൊലീസ് അംഗീകരിച്ചില്ല. എന്നാൽ വാഹനം പിടിച്ചെടുത്തതായി കാണിച്ച് വീരാൻകുട്ടിക്ക് കാളികാവ് പൊലീസ് നൽകിയ രസീത് ആണ് പിന്നീട് പൊലീസിന് തന്നെ തലവേദനയായി മാറിയത്. ഒരു കാര്യവും ഇല്ലാതെ കേസിൽ പൊലീസിന് നഷ്ടപരിഹാരം കൊടുക്കേണ്ട അവസ്ഥയും അതോടെ ഉണ്ടായി.













