ആരോഗ്യസംരക്ഷണനിയമം ശക്തിപ്പെടുത്താൻ ഡോക്ടറുടെ രക്തസാക്ഷിത്വം വേണ്ടിവന്നത് ദൗർഭാഗ്യകരം: വി.മുരളീധരൻ
സംസ്ഥാനത്ത് ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാനുള്ള ചർച്ചകൾക്ക് വേഗം കൂട്ടാൻ ഒരു ഡോക്ടറുടെ ജീവൻ നൽകേണ്ടിവന്നു എന്നത് ദൗർഭാഗ്യകരമായ സാഹചര്യമെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. നാടിന് മുതൽക്കൂട്ടാകേണ്ട ഒരു യുവഡോക്ടർ അക്രമിയുടെ കയ്യിൽ പിടഞ്ഞ് മരിച്ചിട്ടും ഉയരുന്ന ന്യായവാദങ്ങൾ അംഗീകരിക്കാനാകില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഡോക്ടർക്ക് ഓടിപ്പോകാമായിരുന്നില്ലേ, ഡോക്ടർ പേടിച്ച് പോയതുകൊണ്ടാണ് മരണം സംഭവിച്ചത് തുടങ്ങിയ ചോദ്യങ്ങൾ ഉയർന്നുകേട്ടു. ആരോഗ്യപ്രവർത്തകർക്ക് സുരക്ഷ ഒരുക്കാൻ സാധിക്കുന്നില്ലെങ്കിൽ പിന്നെ എന്തിനാണ് ഈ സംവിധാനങ്ങളെന്നും മന്ത്രി ചോദിച്ചു. തിരുവനന്തപുരത്ത് ആറ്റുകാൽ ദേവി ഹോസ്പിറ്റലിലെ നവജാതശിശു തീവ്രപരിചരണ വിഭാഗത്തിൻറെയും സൗജന്യ മെഡിക്കൽ ക്യാംപിൻറേയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
മലയാളി ആരോഗ്യപ്രവർത്തകർ കഴിവ് കൊണ്ട് ലോകപ്രശംസ പിടിച്ചുപറ്റിയവരാണ്. ആരോഗ്യരംഗത്തെ സേവനത്തിൻറെ പേരിൽ ആർക്കും നിത്യദുഖം അനുഭവിക്കേണ്ട സാഹചര്യം ഉണ്ടാകരുത്. ആതുരശ്രുശ്രൂഷകരുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ ഉണർന്ന് പ്രവർത്തിക്കണമെന്നും വി.മുരളീധരൻ പറഞ്ഞു. ആരോഗ്യമേഖലയിൽ ഇന്ത്യയുടെ കരുത്തും ശേഷിയും ലോകത്തെ അത്ഭുതപ്പെടുത്തുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്. കുറഞ്ഞ ചിലവിൽ ഗുണമേന്മയുള്ള ചികിത്സ എല്ലാവർക്കും ഉറപ്പാക്കുകയാണ് നരേന്ദ്രമോദി സർക്കാരിൻറെ ലക്ഷ്യം. അസുഖങ്ങളില്ലാത്ത സമൂഹമെന്നതിനപ്പുറം ശാരീരികമായും മാനസികമായും സന്തോഷമുള്ള സമൂഹത്തെ സൃഷ്ടിക്കുക കൂടിയാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നതെന്നും വി.മുരളീധരൻ കൂട്ടിച്ചേർത്തു.