അവസാനമായി ആ മുദ്രാവാക്യം കേരളത്തെ പ്രകമ്പനം കൊള്ളിക്കുന്നു: കണ്ണേ കരളേ വി എസേ.. ഞങ്ങടെ ചങ്കിലെ റോസാപ്പൂവേ…

കേരളത്തിലെ പാവപ്പെട്ടവരുടെ പടത്തലവൻ എന്ന പരിവേഷമുണ്ടായിരുന്ന സഖാവ് വി എസ് അച്യുതാനന്ദന്റെ സ്ത്രീപക്ഷ നിലപാടുകളും എക്കാലവും ഓർമ്മയിൽ നിൽക്കുന്നതാണ്. സമത്വത്തിനു വേണ്ടി വാദിക്കുകയും, സ്ത്രീ ചൂഷണത്തിനെതിരെ പോരാടുകയും ചെയ്ത നേതാവായിരുന്നു വി എസ്.
2001 -2005 കളത്തിൽ പ്രതിപക്ഷ നേതാവായിരിക്കുന്ന സമയത്ത് അഴിമതിക്കെതിരായ പോരാട്ടത്തിനൊപ്പം സ്ത്രീപക്ഷ വാദിയെന്ന പേരും വി എസിനുണ്ടായിരുന്നു. കിളിരൂർ കേസിലേയും ഐസ്ക്രീം പാര്‍ലര്‍ കേസിലെയും നിലപാടുകളും ശ്രദ്ധേയമായിരുന്നു. അലിഞ്ഞില്ലാതെ പോകുന്ന ഐസ് ക്രീം പാര്‍ലര്‍ കേസ് എല്ലായ്പ്പോലും കുത്തിപ്പൊക്കിയതും വി എസ് തന്നെയായിരുന്നു.
കഴിവുകെട്ട ഭരണം നിലനിൽക്കുന്നിടത്തോളം നാട്ടിലെ അമ്മമാര്‍ക്കും പെൺമക്കൾക്കും രക്ഷയുണ്ടാകില്ലെന്ന് തുറന്നടിച്ച വിഎസ് അച്യുതാനന്ദൻ, പെരുമ്പാവൂര്‍ ജിഷ കൊലപാതക കേസിനെ തെരഞ്ഞെടുപ്പിലെ ചർച്ചാവിഷയമാക്കി. വളയാറിലെ ഒമ്പതും പതിമൂന്നും വയസ്സുണ്ടായിരുന്ന പെൺകുട്ടികൾ മലയാളികളെ ഞെട്ടിച്ച് കൊണ്ട് കയറിൽ തൂങ്ങി ആടിയപ്പോൾ, പൊലീസിന് വീഴ്ചയുണ്ടെന്ന് വിളിച്ച് പറയാൻ വി എസ് മുന്നിലുണ്ടായിരുന്നു.
പാര്‍ട്ടി പ്രതിസ്ഥാനത്ത് നിൽക്കുമ്പോഴാണ് പ്രാദേശിക നേതാക്കളെയെല്ലാം ഒഴിവാക്കി ചിന്നക്കലാലിലെ തോട്ടം തൊഴിലാളി സ്ത്രീകളുടെ സമരപ്പന്തലിലേക്ക് വിഎസ് എത്തിയത്. ബിഷപ്പ് ഫ്രാങ്കോക്ക് എതിരെ കന്യാസ്ത്രീ ഉന്നയിച്ച ലൈംഗിക പീഡനപരാതിയിൽ അന്വേഷണമാവശ്യപ്പെട്ട് ആദ്യം രംഗത്ത് വന്നതും വിഎസ് അച്യുതാനന്ദനായിരുന്നു.
സ്ത്രീ വിരുദ്ധതയും സവര്‍ണമേധാവിത്വവും പറയുന്നവര്‍ക്കുള്ള ഇടത്താവളം അല്ലാ ഇടത് മുന്നണിയെന്ന് പറഞ്ഞുകൊണ്ട് ബാലകൃഷ്ണപ്പിള്ളക്കെതിരെ ആഞ്ഞടിച്ച ആളാണ് വിഎസ്.
കേരളത്തിലെ ഏറെ വിവാദമായ സൂര്യനെല്ലി കേസില്‍, ആ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ വിഎസ് കുടുംബത്തിന് ഒരു ലക്ഷം രൂപ കൈയ്യില്‍ വെച്ചു കൊടുത്തിരുന്നു. പണം വാങ്ങാന്‍ മടിച്ചപ്പോള്‍ ‘ഇത് അവളുടെ മുത്തശ്ശന് തരുന്നതാണ് എന്ന് കരുതിയാൽ മതി. ഇതെന്റെ പെന്ഷന് കാശ് സൂക്ഷിച്ചു വെച്ചതാണ് എന്ന് വളരെ ശബ്ദം കുറച്ച് അദ്ദേഹം പെൺകുട്ടിയുടെ അച്ഛനോട് പറഞ്ഞിരുന്നു.
ടി പി ചന്ദ്രശേഖരൻ കൊല്ലപ്പെട്ട ശേഷം, ഭാര്യ കെകെ രമയെ കാണാൻ വി എസ് അവരുടെ വീട്ടിൽ എത്തിയതും വലിയ വിവാദമായിരുന്നു. ‘പ്രാണനിൽ പടർന്ന ഇരുട്ടിൽ, നിസ്സഹായയായി നിന്ന വേളയിൽ ആശ്വാസത്തിൻ്റെ കരസ്പർശമായിരുന്ന പ്രിയ സഖാവ്. അന്ത്യാഭിവാദ്യങ്ങൾ’ എന്നാണ് കെ കെ രമയുടെ ഫേസ്ബുക്ക് കുറിപ്പ്. ടിപി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടപ്പോൾ പാർട്ടി എതിർപ്പുകളെല്ലാം അവഗണിച്ച് രമയേയും കുടുംബത്തേയും ആശ്വസിപ്പിക്കാൻ വിഎസ് എത്തിയിരുന്നു. അന്ന് വിഎസിന്റെ കൈപിടിച്ച് തേങ്ങിക്കരയുടെ രമയുടെ ചിത്രം തന്നെയാണ് അനുശോചന പോസ്റ്റിനൊപ്പം രമ പങ്കിട്ടത്.
ഒരു നൂറ്റാണ്ട് കടന്നു പോയ ജീവിതം, 85 വർഷങ്ങൾ പാർട്ടിക്കും ജനങ്ങൾക്കും വേണ്ടി മാറ്റിവെച്ച ജീവിതം. അതൊരു വ്യക്തിയുടെയോ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയോ ചരിത്രമായിരുന്നില്ല. കേരളത്തിന്റെ മാറ്റത്തിന്റെ ചരിത്രമായിരുന്നു എന്ന് പറയാം.
കണ്ണേ ,കരളേ വിഎസേ, എന്ന് തൊണ്ട ഇടറി, കണ്ണ് നിറഞ്ഞ് വിളിക്കുന്ന മുദ്രാവാക്യങ്ങള്‍ കേരളത്തെ ഒരിക്കൽ കൂടി, അവസാനമായി പ്രകമ്പനം കൊള്ളിക്കുകയാണ്.
വി എസ് എന്ന ആ രണ്ടക്ഷരം അവകാശങ്ങൾക്ക് വേണ്ടി സമരം ചെയ്യുന്ന മനുഷ്യർക്ക് പകർന്ന ധൈര്യം ചെറുതായിരുന്നില്ല. അതുകൊണ്ടാണവർ “കണ്ണേ കരളേ വി എസേ” എന്ന മുദ്രാവാക്യം ഏറ്റ് വിളിക്കുന്നത് .. കേരളം ഒരിക്കലും മറക്കാത്ത ഒന്നാണ് ആ മുദ്രാവാക്യം