സംസ്ഥാനത്ത് കുട്ടികള്‍ക്കായുള്ള വാക്സിനേഷന് യജ്ഞം നാളെ മുതല്‍
സംസ്ഥാനത്ത് നാളെ മുതല്‍ മൂന്ന് ദിവസം കുട്ടികള്‍ക്കായുള്ള വാക്സിനേഷന് ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. ജൂണ്‍ ഒന്നിന് സ്കൂള്‍ തുറക്കുന്ന സാഹചര്യം മുന്‍ നിര്‍ത്തി പരമാവധി കുട്ടികള്‍ക്ക് വാക്സിനേഷന് നല്‍കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. മെയ് 25, 26, 27 തീയതികളിലാണ് വാക്സിനേഷന് യജ്ഞം സംഘടിപ്പിക്കുന്നത്. സ്കൂളുകളും റസിഡന്റ്സ് അസോസിയേഷനുകളും സംയുക്തമായി ചേര്‍ന്നാണ് പരിപാടി നടത്തുക.
കോവിന്‍ പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്തോ വാക്സിനേഷന് സെന്ററില്‍ നേരിട്ടെത്തിയോ വാക്സിനേഷന് ചെയ്യാം. കുട്ടികള്‍ വരുമ്പോള്‍ സ്കൂള്‍ ഐഡി കാര്‍ഡോ, ആധാർ കാർഡോ നിര്‍ബന്ധമായി കൊണ്ടു വരണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് നിലവില്‍ 15 മുതല്‍ 17 വരെ പ്രായമുള്ള 81 ശതമാനം കുട്ടികള്‍ക്ക് ആദ്യ ഡോസ് വാക്സിനും 52 ശതമാനം കുട്ടികള്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. 12 മുതല്‍ 14 വരെ പ്രായമുള്ള 40 ശതമാനം കുട്ടികള്‍ക്ക് ആദ്യ ഡോസ് വാക്സിനും 11 ശതമാനം കുട്ടികള്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്.
കോവിഡ് കേസുകള്‍ വര്‍ധിക്കാതിരിക്കാന്‍ ശ്രദ്ധപുലര്‍ത്തണമെന്നും പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരണമെന്നും മന്ത്രി നിര്‍ദേശം നല്കി.
Content Highlight – Vaccination campaign for children in the state from tomorrow