വാവർ തീവ്രവാദിയും മുസ്ളീം ആക്രമണകാരിയുമായ വ്യക്തി; അയ്യപ്പൻറെ ചങ്ങാതിയായി ഇനി വാവർ വേണ്ട, പകരം വാപുര സ്വാമി മതി

പന്തളത്ത് ഹൈന്ദവ സംഘടനകള്‍ നടത്തിയ ശബരിമല സംരക്ഷണ സംഗമത്തില്‍ ശ്രീരാമദാസ മിഷന് അധ്യക്ഷന്‍ ശാന്താനന്ദ മഹര്‍ഷി നടത്തിയത് കടുത്ത വിദ്വേഷ പരാമർശമാണ്. വാവര് ഒരു തീവ്രവാദിയാണെന്നും മുസ്ലിം ആക്രമണകാരിയാണെന്നുമായിരുന്നു ശാന്താനന്ദ മഹര്‍ഷി പറഞ്ഞത്.
അയ്യപ്പനെ ആക്രമിച്ച് തോല്‍പ്പിക്കാന്‍ എത്തിയ ആളാണ് വാവരെന്നും ശാന്താനന്ദ മഹര്‍ഷി പറഞ്ഞു. വാവരുടെ ചരിത്രം തെറ്റാണ്. വാപുരന് അഥവാ ശിവന്റെ ഭൂതം എന്നതാണ് ശരി. ഭക്തര്‍ക്ക് വാപുര സ്വാമിയുടെ നടയില്‍ തേങ്ങയടിച്ച് അയ്യപ്പനെ ദര്‍ശിക്കാനുള്ള അവസരം ഉണ്ടാകണം. അതിനുവേണ്ടിയാണ് എരുമേലിയില്‍ ഇപ്പോൾ വാപുര സ്വാമി ക്ഷേത്രം ഉയരുന്നതെന്നും ശാന്താനന്ദ മഹര്‍ഷി പറഞ്ഞു.
വാവര്‍ക്ക് ശബരിമലയുമായും അയ്യപ്പനുമായും പുലബന്ധം പോലും ഇല്ല. ആ വാവര് മുസ്ലിം ആക്രമണകാരിയാണ്. അയ്യപ്പനെ ആക്രമിച്ച് യുദ്ധത്തില്‍ തോല്‍പ്പിക്കാന്‍ വന്ന തീവ്രവാദിയാണ് വാവർ. അയാള്‍ പൂജ്യനല്ല. പൂജിക്കപ്പെടേണ്ടത് വാപുരനാണ്’ എന്നും ശാന്താനന്ദ മഹര്‍ഷി പറഞ്ഞു.
ഈ സംഗമം ഉത്ഘാടനം ചെയ്തത് ബിജെപി മുന്‍ തമിഴ്നാട് സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈയായിരുന്നു. . മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ചായിരുന്നു അണ്ണാമലൈയുടെ പ്രസംഗം. ‘നരകത്തിലേക്കുള്ള വഴിയായി ഭഗവത് ഗീതയില്‍ പറയുന്നത് മൂന്ന് കാര്യങ്ങളാണ്. കാമം, കോപം, ആര്‍ത്തി. ഇത് മൂന്നും പിണറായി വിജയനുണ്ടെന്നും അണ്ണാമലൈ പറഞ്ഞു.
പിണറായിയും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും നാസ്തിക് ഡ്രാമാചാര്യരാണെന്നും അണ്ണാമലൈ പരിഹസിച്ചു. ദൈവത്തെ രണ്ട് സര്‍ക്കാരും ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ‘സനാതന ധര്‍മ്മത്തെ വേരോടെ അറുക്കണം എന്ന് പറഞ്ഞ ആളാണ് സ്റ്റാലിനും മകന് ഉദയനിധിയും. അവരെയാണ് പിണറായി വിജയന് അയ്യപ്പ സംഗമത്തിലേക്ക് ക്ഷണിച്ചത്. ഗ്ലോബല്‍ മുരുകാ കോണ്‍ഫറന്‍സ് തമിഴ്നാട്ടില്‍ നടത്തിയിരുന്നു. അത് കണ്ട്, കേരളത്തില്‍ പിണറായി പകര്‍ത്താൻ നോക്കിയെന്നും അണ്ണാമലൈ പറഞ്ഞു.
വര്‍ഷങ്ങളായി ശബരിമലയിൽ പോകുന്ന ഭക്തർ സന്ദർശിക്കുന്ന ഒരിടമാണ് എരുമേലിയിലെ വാവര് പള്ളി. എന്നാൽ വാവർ ഇല്ലാത്ത ഒരു കഥാപാത്രം ആണെന്ന് നേരത്തെ പറഞ്ഞ ആളാണ് ഹിന്ദു ആചാര്യൻ കൂടിയായ അഡ്വക്കേറ്റ് കൃഷ്ണരാജ്.
എരുമേലി മുറിയിൽ വലിയവീട്ടിൽ തുലുക്കൻ നായിനാർ പരീദ്” എന്നാണ് വാവരുടെ യഥാർത്ഥ പേരെന്നും അദ്ദേഹം പറയുന്നു. വാവർ പള്ളി എന്ന വ്യാജ നാമത്തിൽ അറിയപ്പെടുന്നത് നായിനാർ പള്ളി യാണെന്നും അദ്ദേഹം പറഞ്ഞു.
1975 മുതൽ മല ചവിട്ടുന്ന താൻ ഇന്നേ വരെ വാവർ എന്ന തട്ടിപ്പ് വ്യക്തിയുടെ പേരിലുള്ള പ്രസ്ഥാനത്തിൽ കേറിയിട്ടില്ല. ജീവിതത്തിൽ ഇനി കേറാനും ഉദ്ദേശിക്കുന്നില്ല. വാവർ എന്ന തട്ടിപ്പിൽ വിശ്വസിക്കാത്ത കോടിക്കണക്കിനു അയ്യപ്പ ഭക്തന്മാരുണ്ട് ഈ നാട്ടിൽ. അവരെയൊക്കെ ബലമായി പള്ളിയിൽ കേറ്റി അവന്മാർക്ക് കാശ് ഉണ്ടാക്കി കൊടുത്തു മതേതരത്വം പരിപോഷിപ്പിക്കാനാണ് സർക്കാരിന്റെ ഉദ്ദേശം എങ്കിൽ അതിവിടെ നടക്കാൻ പോവുന്നില്ല.
എരുമേലി വാവർ പള്ളി എന്നറിയപ്പെടുന്ന നൈനാർ പള്ളിക്കടുത്ത് അയ്യപ്പന്റെ ഉടവാൾ സൂക്ഷിച്ചിരിക്കുന്ന പുത്തൻ വീടിന് സമീപം അയ്യപ്പൻ കാവിൽ വാപുര സ്വാമിയുടെ സാന്നിധ്യം അഷ്ടമംഗല ദേവപ്രശ്നത്തിൽ തെളിഞ്ഞു. ഇനി അവിടെ വാപുര സ്വാമിയുടെ പ്രൗഡഗംഭീരമായ ക്ഷേത്രം ഉയരുമെന്നും തട്ടിപ്പ് വാവരെയല്ല വാപുരനെയാണ് ദർശിക്കേണ്ടത് എന്ന സത്യം കോടിക്കണക്കിനു അയ്യപ്പ വിശ്വാസികൾ തിരിച്ചറിയണമെന്നും വക്കീൽ ആഹ്വാനം ചെയ്തിരുന്നു.
അയ്യപ്പ പുരാണത്തിലെ വാവരെ മാറ്റി ഇപ്പോൾ വാപുര സ്വാമി എന്ന ഒരു പുതിയ ആളെ കൊണ്ട് വരാനുള്ള ശ്രമമാണ്. പ്രധാന ഉദ്ദ്യേശ്യം മുസ്ലിംകളെ പ്രകോപിതരാക്കുക എന്നത് തന്നെയാണ്. സംഘ് പരിവാറിന് ഒരിക്കലും ഉൾക്കൊള്ളാൻ കഴിയാത്ത ഒന്നാണ് അയ്യപ്പൻറെ സുഹൃത്തായി ഒരു മുസ്ലിം വരിക എന്നത്.
അപ്പോൾ ആ വാവരെ ഒഴിവാക്കാൻ അവർ പുതിയതായി പലരെയും കൊണ്ടുവരും. എന്നാൽ അവരുടെ ഉദ്ദേശം എന്നത് ഹിന്ദു മുസ്ലിം മതമൈത്രി തകർക്കുക എന്നത് മാത്രമാണ്.