കേരളം ഇപ്പോള്‍ കാണുന്നത് കാലം കണക്കു ചോദിക്കുന്ന കാഴ്ച; സ്വപ്നയുടെ വെളിപ്പെടുത്തലില്‍ സര്‍ക്കാര്‍ വെപ്രാളത്തിലെന്ന് വി ഡി സതീശന്
സ്വപ്ന നടത്തിയ വെളിപ്പെടുത്തലില്‍ സര്‍ക്കാര്‍ വെപ്രാളത്തിലും ഭീതിയിലുമാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്. കാലം കണക്കു ചോദിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കേരളം കാണുന്നതെന്നും സതീശന് പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയതിനാണ് ഈ ബഹളമൊക്കെ കാണിക്കുന്നത്. മജിസ്ട്രേറ്റിന് മുന്നില്‍ മൊഴി നല്‍കിയതിന്റെ പേരില്‍ മറ്റൊരു പ്രതിയുടെ പേരില്‍ കേസെടുത്തിരിക്കുകയാണ്.
പ്രതിയായ സ്ത്രീയെ വിളിച്ചു വരുത്തി പരാതി എഴുതി വാങ്ങി ഉമ്മന്‍ ചാണ്ടിക്കെതിരെ സിബിഐ അന്വേഷണത്തിനു വിട്ടയാളാണ് പിണറായി വിജയന്. മുഖ്യമന്ത്രിക്ക് ഉളുപ്പുണ്ടെങ്കില്‍ രാജിവയ്ക്കണമെന്ന് പറഞ്ഞ് അന്നത്തെ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച പാര്‍ട്ടി സെക്രട്ടറിയാണ് ഇപ്പോള്‍ മുഖ്യമന്ത്രി. കോടതിയുടെ മേല്‍നോട്ടത്തില്‍ കേസ് ഡയറിയുള്‍പ്പെടെ ദിവസേന പരിശോധിക്കുന്ന വിധത്തിലായിരിക്കണം അന്വേഷണമെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.
ഈ കേസില്‍ കേന്ദ്ര ഏജന്‍സികള്‍ നടപടിയെടുത്തില്ലെങ്കില്‍ നിയമപരമായ നടപടികളുമായി യുഡിഎഫ് മുന്നോട്ടു പോകും. ഹൈക്കോടതി സ്റ്റേ ചെയ്തിട്ടും ഏജന്‍സികളെ കുറിച്ച് പഠിക്കാന്‍വെച്ച കമ്മീഷന്റെ സമയം നീട്ടിനല്കിയിരിക്കുകയാണ്. എന്താണ് ചെയ്യേണ്ടതെന്ന് അറിയാത്ത വിഭ്രാന്തിയിലാണ് സര്‍ക്കാരെന്നും പ്രതിപക്ഷനേതാവ് വിമര്‍ശിച്ചു.
Content Highlights: Swapna, VD Satheesan, Pinarayi Vijayan